മാടപ്പള്ളി പഞ്ചായത്തിൽ തെരുവുനായശല്യം വര്‍ധിച്ചു
1577366
Sunday, July 20, 2025 7:09 AM IST
തെങ്ങണ: മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, മോസ്കോ, വെങ്കോട്ട ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചു. നായക്കൂട്ടങ്ങള്‍ പാഞ്ഞടുക്കുന്നത് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാണ്.
തെരുവുനായ്ക്കൾ കൂട്ടത്തോടെ വീടുകളിലേക്കെത്തുന്നതും ഭീഷണിയായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന കോഴി, താറാവ്, ആട് തുടങ്ങിയവയെ നായക്കൂട്ടം കടിച്ചുകീറി കൊല്ലുന്നതായും പരാതിയുണ്ട്.
തെങ്ങണയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍, മത്സ്യവ്യാപാരശാലകള് എന്നിവിടങ്ങളില്‍നിന്നു തള്ളുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ് തെുരവുനായ്ക്കള് വര്‍ധിക്കുന്നത്. തെങ്ങണ ജംഗ്ഷനില്‍ നായ്ക്കളുടെ വിഹാരരംഗമാണ്. നെഹ്റു മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ പരിസരങ്ങളില്‍ നിരവധി നായ്ക്കളാണ് അലഞ്ഞുതിരിയുന്നത്.
തെരുവുനായശല്യം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് തെങ്ങണാ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. അന്‍സാരി, അജിത്, സാലി, ഫ്രാന്‍സീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.