അഞ്ചുവിളക്കിന്റെ നഗരം ഇരുട്ടില്‍; നഗരസഭ വൈദ്യുതിബിൽ അടയ്ക്കണം
1577737
Monday, July 21, 2025 7:47 AM IST
തെളിയാത്തത് രണ്ടായിരത്തിലധികം വഴിവിളക്കുകള്‍
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തില്‍ തെളിയാത്തത് രണ്ടായിരത്തിലധികം വഴിവിളക്കുകള്‍. നഗരത്തിലെ പല വാര്‍ഡുകളും ഇരുട്ടിന്റെ പിടിയില്‍. 37 വാര്‍ഡുകളിലായി 5600 വഴിവിളക്കുകളാണുള്ളത്. ഇതുകൂടാതെ നഗരപരിധിയിലുള്ള എന്‍എച്ച്-1839 (എംസി), ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി ബൈപാസ്, ചങ്ങനാശേരി-കവിയൂര്‍, ടിബി, മാര്‍ക്കറ്റ് റോഡുകളില്‍ 100, 70 വോള്‍ട്ടുകളുടെ ഇരുനൂറോളം വിളക്കുകളും കണ്ണടച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു.
കഴിഞ്ഞ ഡിസംബറിനുശേഷം വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. അന്നു മുഴുവന്‍ വാര്‍ഡുകളിലും അറ്റകുറ്റപ്പണികള്‍ നടത്തിയതുമില്ല. അറ്റകുറ്റപ്പണികള്‍ നടന്നിട്ട് ഏഴുമാസം പിന്നിട്ടുകഴിഞ്ഞു.
5600 വിളക്കുകളില്‍ 1400 എണ്ണം സര്‍ക്കാര്‍ നിലാവ് പദ്ധതി പ്രകാരം നല്കിയ വിളക്കുകളാണ്. ഈ വിളക്കുകളുടെ വില നഗരസഭ ഏഴുവര്‍ഷംകൊണ്ട് കെഎസ്ഇബിക്ക് അടയ്ക്കണമെന്നാണ് നിബന്ധന. കേടാകുന്ന വഴിവിളക്കുകള്‍ മാറി നല്‍കാമെന്ന് കെഎസ്ഇബിയുടെ വ്യവസ്ഥയുണ്ട്. എന്നാല്‍, മാറ്റി നല്കാന് കെഎസ്ഇബിയുടെ പക്കല്‍ ബള്ബുകളില്ലാത്ത അവസ്ഥയാണ്. വഴിവിളക്കുകള്‍ തെളിഞ്ഞില്ലെങ്കിലും നഗരസഭ ഭീമമായ വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടിവരും.
ഇതൊന്നും നഗരസഭ വേണ്ട രീതിയില്‍ പരിശോധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
പുതിയവര്‍ഷം വഴിവിളക്കുകള്‍ തെളിക്കാന്‍ ഡിപിസി പത്തുലക്ഷം രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. പുതിയ ടെന്‍ഡര്‍ വിളിക്കാതെ കഴിഞ്ഞവര്‍ഷത്തെ കരാറുകാരനെ അറ്റകുറ്റപ്പണി ഏല്പിക്കാന് കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചെങ്കിലും നടപടികള്‍ നീളുന്നതില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.
നഗരസഭാ കാര്യാലയത്തിനു മുമ്പിലുള്ള ബസ് സ്റ്റോപ്പില്‍ രാത്രിയിൽ വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.