അപ്പസ്തോലന്മാരുടെ ഓർമകൾ നിറച്ച് ഭക്ഷ്യധാന്യങ്ങളാൽ മുത്തിയമ്മയുടെ ചിത്രം
1577338
Sunday, July 20, 2025 6:54 AM IST
കുറവിലങ്ങാട്: അപ്പസ്തോലന്മാരുടെ ഓർമകൾ നിറച്ച് ഭക്ഷ്യധാന്യങ്ങൾക്കൊണ്ട് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം നിർമിച്ച് കുടുംബകൂട്ടായ്മ യൂണിറ്റ്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവക 27-ാം വാർഡിലെ ദൈവദാസൻ ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട് യൂണിറ്റാണ് വേറിട്ട കലാസൃഷ്ടി നടത്തിയത്. മുത്തിയമ്മയ്ക്കൊരു മുത്തം എന്ന പേരിലാണ് ചിത്രമൊരുക്കി ഇടവക ദേവാലയത്തിൽ സമർപ്പിച്ചത്.
പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ഓർമകൾ നിറച്ച് 12 ഇനം ധാന്യങ്ങളാണ് കലാസൃഷ്ടിക്കായി ഉപയോഗിച്ചിട്ടുള്ളത്. ഭക്ഷണക്രമത്തിൽ പ്രത്യേകതയുള്ള ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ചാക്കരി, പച്ചരി എന്നിങ്ങനെ രണ്ടുതരം അരികൾ ഉപയോഗിച്ചിട്ടുണ്ട്. മുത്തിയമ്മയുടെയും ഉണ്ണിയേശുവിന്റെയും മുഖങ്ങൾ ഒരുക്കിയിരിക്കുന്നത് ചാക്കരി ഉപയോഗിച്ചാണ്. മൂന്ന് അടി നീളവും മൂന്ന് അടി വീതിയിലുമാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തിരുചിത്രങ്ങളിൽനിന്ന് പ്രഭ ചൊരിയുന്ന രീതിയിലാണ് ക്രമീകരണം.
കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പള്ളി, സെക്രട്ടറി സുമി റോയി, യൂണിറ്റംഗങ്ങളായ അക്സൽ റോയി, ആൻസൺ റോയി, അലീന ജോസഫ്, നിഖിൽ ഇമ്മാനുവൽ, ജോജോ വലിയനിരപ്പേൽ, സെബാസ്റ്റ്യൻ പൂവൻകുടിയേൽ, റോയി ഓലിക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട പരിശ്രമത്തിലാണ് ചിത്രം ക്രമീകരിച്ചത്. ചിത്രരചനാ രംഗത്ത് ശ്രദ്ധേയനായ സണ്ണി ഇടത്തിനാലാണ് മാർഗനിർദ്ദേശങ്ങൾ നൽകിയത്.
ദേവാലയത്തിലെത്തിച്ച ചിത്രം ആർച്ച്പ്രീസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. യൂണിറ്റിന്റെ പരിശ്രമങ്ങളെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി.വികാരിയും സോൺ ഡയറക്ടറുമായ ഫാ. തോമസ് താന്നിമലയിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ അഭിനന്ദിച്ചു.