കാർ തോട്ടിലേക്ക് മറിഞ്ഞു
1577361
Sunday, July 20, 2025 7:09 AM IST
തലയോലപ്പറമ്പ്: മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ കാർ തോട്ടിലേക്കു മറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടയാർ എഴുമാന്തുരുത്ത്-ചന്തപ്പാലം റോഡിലെ വടയാർ ചക്കാല ജംഗ്ഷനു സമീപമാണ് കാർ തോട്ടിലേക്ക് പതിച്ചത്. റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നതിന് മുന്നോടിയായി റോഡരികിലെ തോടിനോട് ചേർന്നഭാഗത്തെ മണ്ണ് നീക്കിയിരുന്നു.
വീതികുറഞ്ഞ റോഡിൽ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ കാർ ചക്കാല വട്ടക്കേരി തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന വടയാർ ചരിയംകുന്നേൽ ഫെൽവിൻ (35) ഉടൻ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ലിസിആശുപത്രിയിലെ ജീവനക്കാരനാണ് ഫെൽവിൻ. ഭാര്യയുടെ വീട്ടിൽനിന്നു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനായി കെഎസ്ടിപി ഈ ഭാഗത്തെ റോഡരികിലെ മണ്ണ് നീക്കം ചെയ്തിട്ട് മൂന്നു വർഷത്തോളമായി. ഇതിനു മുമ്പും രണ്ട് വാഹനങ്ങൾ ഈ ഭാഗത്ത് തോട്ടിൽ വീണിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് മാറ്റിയത് മൂലം പല ഭാഗങ്ങളിലും വീതിക്കുറവും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. അപകടത്തിൽപ്പെട്ട കാർ ജെസിബിയുടെ സഹായത്തോടെ പിന്നീട് കരയ്ക്കെത്തിച്ചു.