തെരുവുനായ ആക്രമണത്തിൽ ആട് ചത്തു; മറ്റൊന്നിനു പരിക്ക്
1577732
Monday, July 21, 2025 7:47 AM IST
തലയോലപ്പറമ്പ്: കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ കൂടിന് സമീപം കെട്ടിയിട്ടിരുന്ന അടിനെ കടിച്ചുകൊന്നു. ആക്രമണത്തിൽ മറ്റൊരു ആടിനു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തലയോലപ്പറമ്പ് തലപ്പാറയിലായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. തലപ്പാറ പുളിംചുവട്ടിൽ ലില്ലി ജോസഫിന്റെ രണ്ട വയസ് പ്രായമുള്ള മുട്ടനാടിനെയാണ് കൊന്നത്.
രണ്ടു വയസുള്ള പെണ്ണാടിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ 12ന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇവരുടെ ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വാക്സിൻ എടുത്തെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് ചത്തു. ആട് വളർത്തിയാണ് നിർധനയായ ലില്ലി രണ്ടു മക്കളെ നഴ്സിംഗ് പഠിപ്പിക്കുന്നത്.
ഇവരുടെ ബന്ധുവും സമീപവാസിയുമായ പുളിംചുവട്ടിൽ ജോണിയുടെ മൂന്നു കോഴികളെയും ഒരു താറാവിനെയും തെരുവുനായ്ക്കൾ കഴിഞ്ഞദിവസം കടിച്ചുകൊന്നിരുന്നു. തലപ്പാറയും സമീപ പ്രദേശവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്.
കൂടമായെത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെയും, കാൽനടയാത്രക്കാരെയും ആക്രമിക്കുന്നത് പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.