തീർഥാടക വാഹനം മതിലിലും വൈദ്യുതിപോസ്റ്റിലും ഇടിച്ച് അപകടം
1577489
Sunday, July 20, 2025 10:16 PM IST
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട് റോഡിൽ വണ്ടൻപതാലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ആഡംബര കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹന യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
റോഡിന്റെ വശത്തെ വീടിന്റെ മതിലും സമീപത്തെ വൈദ്യുതിപോസ്റ്റിലും ടെലിഫോൺ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. വൈദ്യുതിപോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതിനാൽ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറാതെ വലിയ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.
വാഹനം ഇടിച്ചതിനെത്തുടർന്ന് മുണ്ടക്കയം പഞ്ചായത്ത് മെംബർ പി.എം. ഫൈസൽമോന്റെ വീടിന്റെ ഭിത്തിക്കും മതിലിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയം-കോരുത്തോട് റോഡിൽ ശബരിമല തീർഥാടകർ അപകടത്തിൽപ്പെടുന്നത് വർധിക്കുകയാണ്.