പരിപ്പ്-തൊള്ളായിരം-വരമ്പിനകം റോഡിൽ നാട്ടുകാരുടെ ശ്രമദാനം
1577722
Monday, July 21, 2025 7:33 AM IST
അയ്മനം: വർഷങ്ങളായി തകർന്നുകിടക്കുന്ന പരിപ്പ് -തൊള്ളായിരം റോഡിലെ കുഴികൾ നാട്ടുകാർ അടച്ചു . മഴ കനത്തതോടെ നടക്കാൻപോലും കഴിയാത്ത ദുരവസ്ഥയിലായിരുന്നു റോഡ്. പരിപ്പിൽനിന്നും തൊള്ളായിരം വഴി പടിഞ്ഞാറേക്കുള്ള യാത്രാ ദുരിതപൂർണമായിട്ട് വർഷങ്ങളായി. ഒരു അത്യാഹിതമുണ്ടായാൽ ആംബുലൻസ് പോലും എത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സഹികെട്ടാണ് നാട്ടുകാർ മുൻകൈയെടുത്തു കുഴികൾ അടയ്ക്കുന്നത്.
പരിപ്പ് ഹൈസ്കൂളിന്റെ ബസ് പോകുന്ന ഈ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാത്തതിനെ ത്തുടർന്ന് കുട്ടികളുടെ സ്കൂൾ യാത്ര ദുഷ്കരമായ സാഹചര്യത്തിലാണ് മാതാപിതാക്കളും നാട്ടുകാരും മുൻകൈയെടുത്ത് കുഴികൾ മക്കിട്ട് നികത്തുന്നത്.
ഇന്നലെ രാവിലെ തുടങ്ങിയ അധ്വാനം പ്രതികൂല കാലാവസ്ഥമൂലം പൂർത്തിയായിട്ടില് . പണിതീരാത്ത തൊള്ളായിരം പാലത്തിന്റെ സമീപത്തെ റോഡിലാണ് ഇന്നലെ ശ്രമദാനം നടത്തിയത്.