കോഴായിലെ കുടുംബശ്രീ കഫേ ഹിറ്റ്; ആദ്യ മൂന്നു മാസം അരക്കോടി വിറ്റുവരവ്
1577499
Sunday, July 20, 2025 10:57 PM IST
കോട്ടയം: ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തില്‍ത്തന്നെ ഹിറ്റ്. ആദ്യ മൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തില്ത്തന്നെ പുതിയ അധ്യായമാവുകയാണ്. കോഴാ കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രത്തിലാണ് കഫേ പ്രവർത്തിക്കുന്നത്.
ദിവസവും ശരാശരി 60,000 രൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. ഏപ്രില്‍ എട്ടിനാണ് പ്രീമിയം റെസ്റ്ററന്റ് ആരംഭിച്ചത്. ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് റെസ്റ്ററന്റിലെ ഭക്ഷണവില്‍പനയിലൂടെ മാത്രം 54,69,487 രൂപയാണ് പ്രീമിയം കഫേയുടെ വരുമാനം.
തുടങ്ങി രണ്ടാം മാസംതന്നെ പ്രതിമാസ ബിസിനസ് 20 ലക്ഷം രൂപ കടന്നിരുന്നു. മിതമായ നിരക്കില്‍, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്ററന്റും എംസി റോഡരികില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമസൗകര്യവുമാണ് കഫേയുടെ ഹൈലൈറ്റ്. 24 മണിക്കൂറും ടേക്ക് എ ബ്രേക്കും ശുചിമുറി സൗകര്യവും സൗജന്യമായി ലഭിക്കും.
രാവിലെ 6.30 മുതല്‍ രാത്രി 11.30 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. ഊണും ബിരിയാണിയുമാണ് ഏറ്റവും കൂടുതല്‍ വില്‍പനയുളളത്. പിടിയും കോഴിയും പോലെയുള്ള സ്പെഷല്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമുണ്ട്. ആരോഗ്യകരമായ ഭക്ഷണം ആവിയിലൂടെ എന്ന മന്ത്രത്തിന് പ്രാധാന്യം നല്കി ചോറും ഇഡലിയും ഇടിയപ്പവും സാമ്പാറും കുടിവെള്ളവും അടക്കമുള്ളവ സ്റ്റീമര്‍ ഉപയോഗിച്ച് ആവിയിലാണ് പാചകം ചെയ്യുന്നത്. ഇതിനായി അഞ്ച് സ്റ്റീമറുകളുണ്ട്.
രണ്ടു ഷിഫ്റ്റുകളിലായി 13 പാചകക്കാരാണ് കഫേയിലുള്ളത്. ഇവരടക്കം 52 കുടുംബശ്രീ വനിതകള്‍ക്കു തൊഴില്‍ നല്കുന്ന സംരംഭമായി പ്രീമിയം കഫേ മാറി. കുടുംബശ്രീ ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലും പിന്തുണയിലുമാണ് പ്രീമിയം കഫേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കായുള്ള ഷീ ലോഡ്ജിന്റെ നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതു പൂര്‍ത്തിയായാലുടന്‍ ഒന്നാം നിലയില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ അടക്കം നല്കുന്ന ഓപ്പണ്‍ റെസ്റ്ററന്റ് കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
ഉഴവൂര്‍ ബ്ളോക്കിനു കീഴിലുള്ള ഏഴു സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ ചുമതല വഹിക്കുന്നത്.
വിപുലമായ
സൗകര്യങ്ങൾ
വിനോദ സഞ്ചാരികള്‍ക്കും കൂട്ടമായെത്തുന്നവര്‍ക്കും മുന്‍കൂട്ടി അറിയിച്ചാല്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഫേയിലും മുകള്‍നിലയിലെ ഹാളിലും സൗകര്യമൊരുക്കുന്നുണ്ട്.
6235152829 എന്ന വാട്സ്ആപ്പ് നമ്പറിലോ, 8281624939 നമ്പറിലോ ബന്ധപ്പെട്ടാല്‍ യാത്രാസംഘങ്ങള്‍ക്കു മുന്‍കൂറായി ഭക്ഷണം ഉറപ്പാക്കാം. കഫേയുടെ മുകള്‍ നിലയിലുള്ള 120 പേര്‍ക്കിരിക്കാവുന്ന എസി ഹാളിന്റെ നടത്തിപ്പുചുമതലയും കുടുംബശ്രീക്കാണ്. സ്വകാര്യപരിപാടികള്‍ക്കും ഹാള്‍ വിട്ടുനല്‍കുന്നുണ്ട്. 10,000 രൂപയാണ് വാടക. പരിപാടികള്‍ക്കാവശ്യമായ ഭക്ഷണവും പ്രീമിയം കഫേയില്‍ നിന്നു ലഭിക്കും.