വിശുദ്ധ അല്‍ഫോന്‍സാ തിരുനാളിനു കൊടിയേറി
1577202
Sunday, July 20, 2025 2:46 AM IST
ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി.
തിരുനാള്‍ ദിനങ്ങളില്‍ വിവിധ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 28നാണ് പ്രധാന തിരുനാള്‍. ഇന്നു മുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും.
27ന് വൈകുന്നേരം ദേവാലയത്തില്‍നിന്നും അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം നടക്കും. 28ന് രാവിലെ ഏഴിന് നേര്‍ച്ച അപ്പം വെഞ്ചരിപ്പ് -മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍. 10.30ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 12.30ന് പ്രദക്ഷിണം. തിരുനാള്‍ ദിനങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി ഏഴുവരെ ദേവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിക്കും.
അല്ഫോന്സാഗീതം പ്രകാശനം ചെയ്തു
ഭരണങ്ങാനം അല്‍ഫോസ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാള്‍ കൊടിയേറ്റിനോടനുബന്ധിച്ച് റിലീസ് ചെയ്ത കദനം കടഞ്ഞെടുത്ത വെണ്മ എന്ന ഏറ്റവും പുതിയ അല്‍ഫോന്‍സാ ഗീതത്തിന്റെ പ്രകാശനം ഭരണങ്ങാനം ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ടിന് കോപ്പി നല്കി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കപ്പറമ്പില്‍, ഗാനരചയിതാവ് റവ.ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍, സംഗീത സംവിധായകന് ടോം പാലാ എന്നിവർ പങ്കെടുത്തു. ഗായിക മരിയ കോലടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയില്‍ അല്‍ഫോന്‍സാമ്മയുടെ ജീവിത നിമിഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ ആല്‍ബം ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തിന്റെ യു ട്യൂബ് ചാനലില്‍ കാണാം.
ഭരണങ്ങാനത്ത് ഇന്ന്
വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30, രാവിലെ 6.45, 8.30, 10, ഉച്ചകഴിഞ്ഞ് ഒന്ന് (ഹിന്ദിയില്‍) 2.30, 3.30, വൈകുന്നേരം അഞ്ച്, രാത്രി ഏഴ് സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 11.30ന് വിശുദ്ധ കുര്‍ബാന,സന്ദേശം- മാര്‍ മാത്യു മൂലക്കാട്ട്, വൈകുന്നേരം 4.30ന് റംശ, 6.15ന് ജപമാല പ്രദക്ഷിണം.
തിരുനാളാഘോഷം വിശ്വാസത്തിന്റെ പ്രഘോഷണം: മാര്‍ കല്ലറങ്ങാട്ട്
ഭരണങ്ങാനം: തിരുനാള്‍ ആഘോഷത്തിന്റെ കൊടിയുയര്‍ത്തല്‍ വിശ്വാസത്തിന്റെ പ്രഘോഷണമാണെന്നും വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പുണ്യസ്ഥലമാണ് അല്‍ഫോന്‍സാമ്മയുടെ കുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറ്റി സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
തലമുറകളായും പാരമ്പര്യമായും കിട്ടിയ വിശ്വാസമുള്ളതുകൊണ്ടാണ് നമ്മള് ഒരു പുണ്യകുടീരത്തില് എത്തുന്നത്. വിശുദ്ധരുടെ ഗണത്തിലെ കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പാണ് അല്‍ഫോന്‍സാമ്മ. ഇവിടെ വരുന്നവരുടെ ആശ്വാസം ഈശോയുടെ സ്വരൂപത്തിലും സ്വഭാവത്തിലും തന്നെ വിട്ടുകൊടുത്ത അമ്മയാണ്. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഈശോയുടെ കരം പിടിച്ച് നടക്കുന്ന അനുഭവമാണ് ഉണ്ടാവുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മാര്‍ മാത്യു അറയ്ക്കല്‍
വിശുദ്ധ അല്‍ഫോന്‍സാമ്മ ഇന്നും നമ്മുടെ ഹൃദയത്തില്‍ നിലകൊള്ളുന്നതിന്റെ കാരണം സുവിശേഷം വരച്ചുകാണിക്കുന്നുണ്ടെന്ന് മാര്‍ മാത്യു അറയ്ക്കല്‍. തിരുനാളിന്റെ ഒന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം ന്‍കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ അല്‍ഫോന്‍സാമ്മ അമൂല്യ വ്യക്തിത്വത്തിനുടമയാണ്. എന്നെയും നിങ്ങളെയും മനസിലാക്കുന്ന അമ്മയായതുകൊണ്ട് തിരുനാള്‍ നമുക്കേറെ പ്രിയപ്പെട്ടതാകുന്നത്. നമ്മുടെ ചെറുതും വലുതുമായ ജീവിത പ്രശ്നങ്ങളെ വിശ്വാസ വെളിച്ചത്തില്‍ നേരിടുവാന്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് പ്രചോദനമേകട്ടെയെന്ന് മാര്‍ അറയ്ക്കല്‍ പറഞ്ഞു.