ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല
1577200
Sunday, July 20, 2025 2:46 AM IST
കോട്ടയം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം തേടാത്തത്തില് പ്രതിഷേധിച്ച് 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ദീര്‍ഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി തുടരുക, വിദ്യാര്‍ഥികളുടെ സൗജന്യനിരക്ക് കാലോചിതമായി പരിഷ്കരിക്കുക, ജീവനക്കാര്‍ക്ക് പിസിസി പോലുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുക, ഇ ചെല്ലാന്‍ മുഖേനയുള്ള അന്യായ പിഴചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസുകള്‍ നിറുത്തിവയ്ക്കുന്നത്.
സംസ്ഥാനത്ത് 34,000 സ്വകാര്യബസുകളുണ്ടായിരുന്നത് നിലവില്‍ എണ്ണായിരത്തിലേക്ക് ചുരുങ്ങി. വിദ്യാര്‍ഥികളുടെ നിരക്ക് 13 വര്‍ഷമായി ഒരു രൂപയായി തുടരുന്നു. സ്കൂള്‍, കോളജ് ബസുകളില്‍ വലിയ നിരക്ക് ഈടാക്കുമ്പോഴാണ് സ്വകാര്യ ബസുകളിലെ ഒരു രൂപ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത്.
റോഡില്‍ ബസ് ഇറക്കിയാല്‍ അന്യായം പറഞ്ഞ് പിഴ ഈടാക്കുന്ന നടപടി അസ്വീകാര്യമാണ്. ഈ സാഹചര്യത്തിലാണ് സമരത്തിന് ബസുടമകള്‍ നിര്‍ബന്ധിതരാകുന്നതെന്ന് ഭാരവാഹികളായ ജാക്സണ് സി. ജോസഫ്, കെ.എസ്. സുരേഷ്, ജോസുകുട്ടി മുളകുപാടം എന്നിവര്‍ അറിയിച്ചു.