സാമ്പത്തിക തര്‍ക്കം: ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ ശ്രമം
1577203
Sunday, July 20, 2025 2:46 AM IST
രാമപുരം: സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് ജ്വല്ലറി ഉടമയെ കടയില്‍ കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് രാമപുരം ഇളംതുരുത്തിയില്‍ തുളസീദാസ് എന്ന (ഹരി-59) ജ്വല്ലറിയിലെത്തി കൊല്ലാന്‍ ശ്രമിച്ചത്.
വണ്ണപ്പുറം സ്വദേശിയായ തുളസീദാസ് രാമപുരത്ത് ഇളംതുരുത്തിയില്‍ വീട്ടിലുള്ള സ്ത്രീയെ വിവാഹം കഴിച്ച് ദത്ത് നിൽക്കുകയാണ്. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തീയിട്ട ഉടനെ തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ ഹാജരായി. അശോകന് റോഡ് സൈഡിലെ പുരയിടത്തില്‍ കടമുറികള്‍ പണിതതിന്റെ പണം ഹരിക്ക് നല്‍കാനുണ്ട്. ഇതിന്റെ സിവില്‍ കേസുകള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അമ്പലം ജംഗ്ഷന് സമീപം കണ്ണനാട്ട് വാതിലില്‍ അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഹാര്‍ഡ്വെയേഴ്സ് കട നടത്തിവരികയായിരുന്നു തുളസീദാസ്.
കരാറടിസ്ഥാനത്തില്‍ കെട്ടിടം പണിത് കൊടുക്കുന്നുമുണ്ട്. അശോകന് തുളസീദാസ് പണിതുനല്‍കിയ കെട്ടിടംതന്നെയാണ് ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നത്. ഇത് പണിതതിന്റെ സാമ്പത്തിക തര്‍ക്ക കേസാണ് കോടതിയിലുള്ളത്. പിഴക് പ്രദേശത്ത് അടിയില്‍ കടമുറിയോട് കൂടിയ വീട് തുളസീദാസ് വാടകയ്ക്ക് എടുത്തിരുന്നു.
ഇതറിഞ്ഞ അശോകന് കെട്ടിടം ഉടമയെ വിളിച്ച് തുളസീദാസിനെക്കുറിച്ച് മോശമായി പറഞ്ഞെന്നും ഇതറിഞ്ഞ തുളസീദാസ് അശോകനെ കടയിലെത്തി അക്രമിക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പാലാ ഡിവൈഎസ്പി കെ. സദന്, രാമപുരം എസ്എച്ച്ഒ ദീപക് കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി റിമാന്റ് ചെയ്തു.