ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ നടപടിയുണ്ടാകണം
1577736
Monday, July 21, 2025 7:47 AM IST
ഏറ്റുമാനൂർ: അഴിയാത്ത കുരുക്കിൽനിന്ന് രക്ഷനേടാൻ ഏറ്റുമാനൂരിനു മുന്നിൽ വഴി തെളിയുമോ? പട്ടിത്താനം - മണർകാട് ബൈപാസ് റോഡ് പൂർത്തിയാകുകയും റിംഗ് റോഡ് യാഥാർഥ്യമാകുകയും ചെയ്യുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, ബൈപാസ് റോഡ് നിർമാണം പൂർത്തിയായിട്ടും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവാണ്. ഗതാഗതക്കുരുക്കുണ്ടായാൽ പട്ടിത്താനം ജംഗ്ഷൻ മുതൽ പാറോലിക്കൽ ജംഗ്ഷൻ വരെ എംസി റോഡ് ഇപ്പോഴും നിശ്ചലമാകുകയാണ്. റിംഗ് റോഡിലാണ് അടുത്ത പ്രതീക്ഷ. എന്നാൽ, റിംഗ് റോഡിന്റെ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല. റോഡ് യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് കാലങ്ങളോളം തുടരാനാണ് സാധ്യത.
റിംഗ് റോഡിൽ കുരുക്കഴിയുമോ?
നിർദിഷ്ട റിംഗ് റോഡ് വന്നാൽത്തന്നെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംസി റോഡിൽ തുമ്പശേരിപ്പടിയിൽനിന്ന് ആരംഭിച്ച് പട്ടിത്താനം റൗണ്ടാന ജംഗ്ഷനിലാണ് റിംഗ് റോഡ് അവസാനിക്കുന്നത്. തുമ്പശേരിപ്പടിയും പട്ടിത്താനം ജംഗ്ഷനും ഗതാഗതക്കുരുക്കിൽ പെടുന്ന സ്ഥലങ്ങളായതിനാൽ റിംഗ് റോഡു കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകാനിടയില്ലെന്നാണ് അഭിപ്രായമുയരുന്നത്.
ബദൽ മാർഗങ്ങൾ വികസിപ്പിക്കണം
രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന മേഖലയ്ക്ക് മുമ്പുതന്നെ ഗതാഗതം തിരിച്ചുവിടാനാകുന്ന രീതിയിൽ റോഡുകൾ വികസിപ്പിക്കണം.
കാരിത്താസ് ജംഗ്ഷനിൽനിന്ന് റെയിൽവേ മേൽപാലം കടന്ന് ഒറ്റക്കപ്പിലുമാവ്, ഐക്കരക്കുന്നേൽ ജംഗ്ഷൻ വഴി പാറോലിക്കൽ - മുട്ടപ്പള്ളി റോഡിലെത്തി അതിരമ്പുഴ, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിൽ എറണാകുളം റോഡിലെത്താവുന്ന രീതിയിൽ ഗതാഗതം വഴി തിരിച്ചുവിടാവുന്നതാണ്.
വിവിധ മേഖലകളിലെ റോഡുകളുടെ സാധ്യത പഠിച്ച് ഗതാഗതം ക്രമീകരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന നിർദേശമാണ് ഉയരുന്നത്.