പുതുക്കിയ സ്കൂള്‍ സദ്യ ലിസ്റ്റ് ഫയലില്‍ ഒതുങ്ങി
1577497
Sunday, July 20, 2025 10:57 PM IST
കോട്ടയം: സര്‍ക്കാര്‍ കൈയടി വാങ്ങാന്‍ പ്രഖ്യാപിച്ച അടിപൊളി സ്കൂള്‍ സദ്യ മെനു ഒരു ദിവസംപോലും നടപ്പാക്കാന്‍ സാഹചര്യമില്ല. സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചാല്‍ മാത്രം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സദ്യ നല്‍കാം.
ഉച്ചഭക്ഷണത്തിന് നിലവില്‍ പ്രൈമറി കുട്ടികള്‍ക്ക് ആറു രൂപയും യുപിയില്‍ എട്ടു രൂപയുമാണ് ലഭിക്കുന്നത്. ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു ദിവസം 150 മില്ലി വീതം പാലും വേണം. പാല് ലിറ്ററിന് 52 രൂപയും മുട്ടയ്ക്ക് 6.50 രൂപയുമാണ്. പച്ചക്കറി, എണ്ണ, തേങ്ങാവിലയും കുത്തനെ കയറുന്നു.
സ്കൂള്‍ ഫണ്ട് ഉപയോഗിച്ച് പുതിയ മെനു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണംകൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഉച്ചഭക്ഷണ ഫണ്ടില്‍ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
മുട്ടയ്ക്കും പാലിനും അധികതുക അനുവദിക്കുന്നില്ല. ചില സ്കൂളുകള്‍ തുക താങ്ങാനാവാതെ മുട്ടയും പാലും നിര്‍ത്തി. രണ്ടിനം കറിയും തോരനും ചോറിനൊപ്പമുണ്ടാവണമെന്നതും നടപ്പാക്കുന്നില്ല. അന്തരീക്ഷ മലിനീകരണമൊഴിവാക്കാന് പാചകം ഗ്യാസ് അടുപ്പില്‍ വേണമെന്നാണ് നിബന്ധന.
ചെലവേറിയെങ്കിലും 2016 ല്‍ നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും പിന്തുടരുന്നത്.