രാസവളം വിലവർധന കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് വി.ജെ. ലാലി
1577367
Sunday, July 20, 2025 7:09 AM IST
മങ്കൊമ്പ്: രാസവളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി, വില വർധന അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് നെൽകർഷക സംരക്ഷണസമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.
സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ രാമങ്കരി പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച രാസവള വിലവർധനവിനെതിരായിട്ടുള്ള പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നെൽകർഷകർ മാസങ്ങളായി നെൽവില ലഭിക്കാതെ വിഷമിക്കുന്ന സാഹചര്യത്തിൽ രാസവള വില വർധന ഇരുട്ടടിയാണ് സമ്മാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികലമായ കർഷക നയങ്ങൾ മൂലം നട്ടംതിരിയുന്ന കർഷകർ പ്രതീക്ഷയോടെ കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടലിനായി കാത്തിരിക്കുമ്പോൾ, കേന്ദ്രവും കർഷകരെ കൈയൊഴിയുന്നു എന്നതാണ് രാസവള വില വർധനവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമിതി പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, കോ-ഓർഡിനേറ്റർ ജോസ് കാവനാട്, ലാലിച്ചൻ പള്ളിവാതുക്കൽ, പി. വേലായുധൻ നായർ, കെ.ബി. മോഹനൻ, റോയി ഊരാംവേലിൽ, എബി കോട്ടയം, കാർത്തികേയൻ കൈനകരി, ജോജി വെമ്പടന്തറ എന്നിവർ പ്രസംഗിച്ചു.