നഗരമധ്യത്തിലെ കടത്ത് സർവീസ് കൗതുകമാകുന്നു...
1577720
Monday, July 21, 2025 7:33 AM IST
കോട്ടയം: കൊതുമ്പുവള്ളത്തില്‍ ആറിനും തോടിനുമൊക്കെ കുറുകെ കടന്നുള്ള യാത്രകള്‍ അന്യമാകുമ്പോള്‍ കോട്ടയം നഗരമധ്യത്തില്‍ താഴത്തങ്ങാടി ഇടക്കാട്ടുപള്ളി കടവിലെ 62 കാരനായ രാജുവും കടത്തുസര്വീസും കൗതുക കാഴ്ചയാകുന്നു.
കോട്ടയം നഗരസഭയെയും അയ്മനം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ഇടയ്ക്കാട്ടുപള്ളി കടവിലെ കടത്ത്. ഇരുകരകളിലും വാഹനമുള്ളവര്‍ക്ക് മൂന്നു കിലോമീറ്റര്‍ അധികം ചുറ്റിയാല്‍ താഴത്തങ്ങാടി പാലത്തിലൂടെ അക്കരെയെത്താമെങ്കിലും മറ്റു യാത്രക്കാര്‍ക്ക് കടത്താണ് ആശ്രയം. ഞായറാഴ്ചകളില്‍ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും എത്താനും കൂടുതല്‍ പേരും കടത്തുസര്വീസിനെയാണ് ആശ്രയിക്കുന്നത്. അയ്മനം പഞ്ചായത്തിന്റെ കീഴിലാണ് കടത്തുവള്ള സര്‍വീസ്.
15 വര്‍ഷമായി മര്യാത്തുരുത്ത് വെട്ടിക്കാട്ടുവീട്ടില്‍ രാജുവാണ് വള്ളത്തില്‍ യാത്രക്കാരെ അക്കരെയിക്കരെ എത്തിക്കുന്നത്. ഒരു ദിവസംപോലും മുടങ്ങാതെ രാജു കടവിലുണ്ടാകും. രാവിലെ ഏഴിനു തുടങ്ങി വൈകുന്നേരം ആറുവരെയാണ് സര്‍വീസ്. ഞായറാഴ്ച ഉച്ചവരെയാണ് സര്‍വീസ്. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിച്ചാല്‍ ഓടിയെത്തും.
കടത്തു സര്‍വീസിനു പ്രതിദിനം 525 രൂപയാണ് ശമ്പളം. പഞ്ചായത്താണ് ശമ്പളവും വള്ളത്തിന്റെ വാടകയും നല്‍കുന്നത്. കടത്തിന് യാത്രക്കാര്‍ക്ക് ചാര്‍ജ് ഇല്ല. അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്യണം. സ്വകാര്യവ്യക്തിയുടെ വള്ളമാണ്. സ്വന്തമായി ചെറുവള്ളവുമുണ്ട്. തടികൊണ്ടുള്ള വള്ളത്തില്‍ കടത്തുകാരനടക്കം മൂന്നുപേര്‍ക്കേ ഒരേ സമയം സഞ്ചരിക്കാനാകൂ. വെള്ളപ്പൊക്കക്കാലത്തും ശക്തമായ ഒഴുക്കിലും പേടിയില്ലാതെ രാജു വള്ളമിറക്കി ആളുകളെ മറുകരയില്‍ എത്തിക്കും.
ചെറുപ്പത്തില്‍ത്തന്നെ നീന്തല്‍ പരിശീലിച്ചതിനാല്‍ വെള്ളത്തെ പേടിയില്ല. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അക്കരെ കടവിനോടു ചേര്‍ന്നാണ് രാജുവും ഭാര്യ സുമ, മക്കളായ രാഹുല്‍, രഞ്ജിത, മരുമകന് കണ്ണന് എന്നിവര്‍ താമസിക്കുന്നത്.