ഒരുമയുടെ പെരുമയറിയിച്ച് പ്രവാസി മക്കള്‍
1577191
Sunday, July 20, 2025 2:46 AM IST
പാലാ: നമ്മള് ഒന്നാണ് എന്ന് ഉറക്കെ ഉദ്ഘോഷിച്ച് പാലാ രൂപത പ്രവാസിമക്കളുടെ സംഗമം. രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സംഗമം സംഘാടക മികവിലും അംഗബലത്തിലും ശ്രദ്ധനേടി. 56 രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ സ്വന്തം തറവാട്ടിലേക്കെന്ന അഭിമാനത്തോടെ സംഗമത്തിലേക്കെത്തി. പല രാജ്യങ്ങളില്‍ നിന്നെത്തിയെങ്കിലും രൂപതാതനയരെന്ന കെട്ടുറുപ്പ് സംഗമത്തിലെ ഓരോ വാക്കിലും പ്രതിധ്വനിച്ചു.
ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം നല്കിയ പ്രവാസി അപ്പൊസ്തലേറ്റ് ആയിരങ്ങളെ സംഗമിപ്പിക്കാനാകുന്ന മികവിലേക്ക് വളര്‍ന്നുവെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലടക്കം മേഖലാതലത്തിലും രാജ്യതലത്തിലും സമ്മേളനങ്ങള്‍ നടത്തിയാണ് രൂപതാതല സംഗമത്തിലേക്ക് എത്തിയതെന്നത് ഏറെ പ്രശംസിക്കപ്പെട്ടു.
രൂപതയോടും രൂപതാ സ്ഥാപനങ്ങളോടും പ്രവാസികള്‍ പുലര്‍ത്തുന്ന ആത്മബന്ധം വാക്കുകളിലെല്ലാം നിഴലിച്ചു. വിവിധ രാജ്യങ്ങളിലായിരിക്കുന്നവര്ക്കായി വിവിധ മത്സരങ്ങളടക്കം ക്രമീകരിക്കാനും അപ്പൊസ്തലേറ്റിന് കഴിയുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന പരിപാടികളും നടക്കുന്നു. പ്രവാസികള്‍ക്കൊപ്പം പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തിയവരും ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്നത് പ്രവാസത്തിലേക്ക് പ്രവേശിക്കുന്നവര്ക്കടക്കം നേട്ടമാകുന്നു.
തലമുറകളുടെ കൂടിവരവായി സംഗമം മാറ്റിയെന്നതും ശ്രദ്ധേയമായി. രൂപതയുടെ അഭിമാനസ്ഥാപനമായ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ആതിഥ്യമരുളിയ സമ്മേളനമെന്ന നിലയില്‍ ഉന്നതപഠനത്തിനായി കോളജ് സമ്മാനിക്കുന്ന സാധ്യതകളും വെളിവാക്കപ്പെട്ടു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് കലാവിരുന്നുകളെല്ലാം ഏറ്റുവാങ്ങിയത്.
രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, സിവി പോള്‍, ജോഷി മാത്യു, മനോജ് പി. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് സംഗമത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.