പഴമയുടെ രുചിക്കൂട്ടുമായി സെന്റ് തെരേസാസില്‍ കര്‍ക്കടകക്കഞ്ഞി
1577365
Sunday, July 20, 2025 7:09 AM IST
ചങ്ങനാശേരി: അന്യംനിന്നു പോകുന്ന നാടന്‍ അറിവുകളും ചികിത്സാ രീതികളും പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കടകക്കഞ്ഞി പാചകം ചെയ്തു വിദ്യാര്‍ഥികള്‍ക്ക് നല്കി.
വിദ്യാര്‍ഥികള്‍ മാതാപിതാക്കളില്‍നിന്നും പ്രായമായവരില്‍നിന്നും കര്‍ക്കടകക്കഞ്ഞിയുടെ പാചകവിദ്യകള്‍ പഠിച്ചെടുത്താണ് തയാറാക്കിയത്. മുതിര്‍ന്ന തലമുറയുടെ ആചാരാനുഷ്ഠാനങ്ങളുടെയും പ്രകൃതിയോടിണങ്ങിയ ജീവിതരീതിയുടെയും പ്രത്യേകതകള്‍ ഇതിലൂടെ കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
കുട്ടികള്‍ വീടിന്റെയും സ്കൂളിന്റെയും ചുറ്റുപാടുകളില്‍നിന്നു ശേഖരിച്ച ചേരുവകള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് അധ്യാപകരുടെ നേതൃത്വത്തില്‍ മണ്കലങ്ങളില് കഞ്ഞി പാചകം ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് കഞ്ഞിവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.ജെ. സിനോമോന്, അധ്യാപകരായ വി.എ. ലാലു, ഷാര്‍ലറ്റ്, ലയ എന്നിവര്‍ പ്രസംഗിച്ചു.