ആറിനു കുറുകെ മരം വീണ് നീരൊഴുക്ക് തടസപ്പെട്ടിട്ട് മാസങ്ങൾ
1577718
Monday, July 21, 2025 7:33 AM IST
അയ്മനം: ആറിനു കുറുകെ മരം വീണ് നീരൊഴുക്ക് തടസപ്പെട്ടിട്ട് മാസങ്ങൾ. കല്ലുമട എസ്എൻഡിപി ശാഖാ ഓഫീസിനു സമീപം മീനച്ചിലാറിന്റെ കൈവഴിയിലാണ് ആഞ്ഞിലിമരം മറിഞ്ഞ് ആറിന് കുറുകെ കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായത്.
കുപ്പികളും, പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞ് നീരൊക്കിന് തടസമായിരിക്കുകയാണിവിടെ. മീൻ പിടിക്കാൻ ചെറുവള്ളത്തിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. കെട്ടുവള്ളങ്ങളും, യാത്രബോട്ടുകളും പൊയ്ക്കൊണ്ടിരുന്ന ആറിലാണ് മരം കിടക്കുന്നത്.
2018ലെ വെള്ളപ്പൊക്കത്തിനു ശേഷം കല്ലുമട പാലത്തിനു സമീപം എക്കൽ അടിഞ്ഞതും നീരൊഴുക്കിനും ജലഗതാഗതത്തിനും തടസമായി.
ആഴം കുറഞ്ഞ് വേനൽക്കാലത്തിന് മുൻപുതന്നെ വെള്ളം വറ്റുന്ന അവസ്ഥയിലായ ആറ്റിൽ മരം വീണത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടും ഈ അറിന് വളരെ പ്രാധാന്യമാണുള്ളത്. കനാൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾ മുന്നിൽ നിൽക്കുമ്പോൾ ഇവയൊക്കെ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ടൂറിസം മേഖലയിൽനിന്നും നമുക്ക് തിരിച്ചടിയുണ്ടാകും.
പദ്ധതികളും, പ്ലാനുകളും ഉണ്ടെങ്കിലും എല്ലാം ജലരേഖകൾ പോലെയാണ് . ഓണാഘോഷത്തിന്റെ ഭാഗമായി ഐതീഹ്യം പേറുന്ന കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി കടന്നുപോകുന്ന ആറ്റിലാണ് മരം വീണുകിടക്കുന്നതെന്നും അതു നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പരിഗണന അധികൃതർക്കില്ല.