പാലാ ബൈപാസിന്റെ വളവു നിവരാന്‍ ഇനിയും കാത്തിരിക്കണോ?
1577471
Sunday, July 20, 2025 10:15 PM IST
പാലാ: വിശാലമായ ബൈപാസ് നിര്‍മിച്ചിട്ട് ചെറിയൊരു ഭാഗത്തെ സ്ഥലം ഏറ്റെടുത്ത് വളവു നിവര്‍ത്താന്‍ നടപടിയില്ലാത്തത് സുഗമമായ ഗതാഗതത്തിന് തടസമാകുന്നു. പാലായുടെ ഗതാഗത സ്വപ്നങ്ങള്‍ക്ക് കുതിപ്പേകി നിര്‍മിച്ച സമാന്തര റോഡിന്റെ മൂന്നാംഘട്ടത്തിലെ വളവുള്ള ഭാഗം നിവര്‍ത്തുന്നതിനുള്ള നടപടികള്‍ നിശ്ചലമാണ്. അരുണാപുരം ഭാഗത്ത് മരിയന്‍ ജംഗ്ഷനില്‍ ഒരു വീടും സ്ഥലവും ഏറ്റെടുക്കുന്നതിനാണ് നടപടികളില്ലാത്തത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നിയമക്കുരുക്കിലായിട്ട് വര്‍ഷങ്ങളായി.
തൊട്ടടുത്ത പുലിയന്നൂര്‍ ജംഗ്ഷനില്‍ രണ്ടു വര്‍ഷം മുമ്പ് വാഹനാപടകങ്ങള്‍ വര്‍ധിക്കുകയും മരണങ്ങളുണ്ടാകുകയും ചെയ്തപ്പോള്‍ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പാലാ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മരിയന്‍ ജംഗ്ഷനിലെത്തി പഴയ റോഡിലൂടെ മുന്നോട്ടുപോയി സംസ്ഥാന പാതയില്‍ വീണ്ടും പ്രവേശിക്കണം. പാലാ സമാന്തര പാതയിലെ വാഹനത്തിരക്കിന് പുറമേയാണ് സംസ്ഥാനപാതയില്‍ നിന്നുള്ള വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്.
ബൈപാസില്‍ ഇരു വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഏറ്റെടുക്കാനുള്ള സ്ഥലം ചുറ്റി കൊടും വളവ് മറികടന്നുവേണം യാത്ര തുടരാന്‍. സമാന്തര പാതയുടെ അവശേഷിക്കുന്ന ഭാഗം ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി റൗണ്ടാന സജ്ജമാക്കിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സമീപവാസിയായ കെ.ആര്. ബാബു പറഞ്ഞു. ഇതുകൂടി ഏറ്റെടുത്ത് നിര്‍മാണം നടത്തിയാല്‍ മാത്രമേ സമാന്തരപാതയുടെ പ്രയോജനം പൂര്‍ണമായി ലഭിക്കുകയുള്ളൂ.
ബൈപാസ് നഗരത്തില്‍ പ്രവേശിക്കാതെതന്നെ വിവിധ പ്രധാന റോഡുകളിലേക്ക് തിരിഞ്ഞുപോകുന്നതിനും സഹായിക്കുന്നതാണ്. പാലാ-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍ തുടങ്ങി പാലാ-തൊടുപുഴ റോഡില്‍ കിഴതടിയൂര്‍ ജംഗ്ഷന് വരെയാണ് സമാന്തര പാത. സമാന്തര പാതയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നിയമക്കുരുക്കുകള്‍ ഏറെയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍കൊണ്ട് അരുണാപുരത്തെ സ്ഥലം ഒഴിച്ചുള്ളവ ഏറ്റെടുത്ത് നിര്‍മാണം നടത്താന്‍ സാധിച്ചു.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സമാന്തര പാതയിലെ കൊടും വളവുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തി റൗണ്ടാന ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജിത നടപടി വേണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നു.