ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് പത്തു കോടിയുടെ ഭരണാനുമതി
1577190
Sunday, July 20, 2025 2:46 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് പത്തു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ഇനി സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷന്റെ പ്ലാനും ഡിസൈനും എസ്റ്റിമേറ്റും അന്തിമമാക്കുകയും തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ പുറപ്പെടുവിച്ചാൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് സജ്ജമാകും. പരമാവധി മൂന്നു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു.
2022-23ലെ സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനുവേണ്ടി പത്തു കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതുമൂലം തുടർനടപടികൾ തടസപ്പെട്ടിരുന്നു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തുനിന്നു മിനി സിവിൽ സ്റ്റേഷന് ആവശ്യമായിവരുന്ന സ്ഥലം ലഭ്യമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലം വിട്ടുതരുന്നതിന് ആഭ്യന്തരവകുപ്പ് തയാറാകാതിരിക്കുകയും കടുത്ത എതിർപ്പ് ഉയർത്തുകയുമായിരുന്നു. തുടർന്ന് എംഎൽഎ നടത്തിയ ഇടപെടലിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് 50 സെന്റ് സ്ഥലം ആഭ്യന്തരവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് മിനി സിവിൽ സ്റ്റേഷന് വിട്ടുനൽകാൻ ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു.
സ്ഥലലഭ്യത ഉറപ്പായതിനുശേഷം മാത്രമാണ് ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനുള്ള ഔപചാരിക നടപടിക്രമങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഭരണാനുമതി ലഭ്യമായതോടെ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ എല്ലാ തടസങ്ങളും പരിഹരിക്കപ്പെട്ട് സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
കോട്ടയം ജില്ലയിൽ പൂഞ്ഞാർ മാത്രമായിരുന്നു മിനി സിവിൽ സ്റ്റേഷൻ ഇല്ലാതിരുന്ന ഏക നിയോജകമണ്ഡലം. ഭാവിയിൽ പൂഞ്ഞാർ താലൂക്കായി ഉയർത്തുന്നതിന് പരിശ്രമിക്കുമെന്നും ആ ഘട്ടത്തിൽ മിനി സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.