അമോണിയ പ്ലാന്റ് നടപ്പിലാവില്ല, വിഷയം നിയമസഭയിൽ ഉന്നയിക്കും: മാണി സി. കാപ്പൻ എംഎൽഎ
1577491
Sunday, July 20, 2025 10:16 PM IST
എലിക്കുളം: ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന അമോണിയ പ്ലാന്റിനെതിരേ ജനരോഷം വ്യാപകമായ സാഹചര്യത്തിൽ മാണി സി. കാപ്പൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. തുടർന്ന് പ്രദേശവാസികളെ കണ്ട് പ്ലാന്റ് നിർമാണം നടപ്പില്ലെന്ന ഉറപ്പു നൽകി.
പടിഞ്ഞാറ്റിൻമലയിലെ ഒന്നര ഏക്കറോളം ഭൂമി തൊടുപുഴ സ്വദേശിയിൽനിന്നു വാങ്ങിയ ശേഷം അമോണിയ ഫാക്ടറി നിർമിക്കാനുള്ള തീരുമാനമാണ് നിലവിലുള്ളത്.
കർഷകർ കൂടുതലായി അധിവസിക്കുന്ന സ്ഥലമാണ് ഇവിടെ. പ്ലാന്റ് നിലവിൽ വന്നാൽ ഇവിടത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉൾപ്പെടെ താളംതെറ്റും. ദിനംപ്രതി 40,000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവിൽവന്നാൽ 350ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടത്തെ ജലലഭ്യത ഇല്ലാതെയാവും. കൂടാതെ ഇവിടെ നിന്നാണ് പൊന്നൊഴുകും തോടിന്റെ ഉദ്ഭവവും.പ്ലാന്റ് വന്നാൽ മീനച്ചിലാറ്റിൽവരെ ഇവിടത്തെ മാലിന്യമെത്തും. പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായ അമോണിയ പ്ലാന്റിനെതിരേ നാട്ടുകാരോടൊപ്പം സമരത്തിനൊരുങ്ങുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
സ്ഥലം സന്ദർശിച്ച മാണി സി. കാപ്പൻ എംഎൽഎയ്ക്ക് നാട്ടുകാർ ഇത് സംബന്ധിച്ച നിവേദനവും നൽകി. എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയി, പൊതുപ്രവർത്തകനായ സാബിച്ചൻ പാംപ്ലാനിയിൽ, ജനകീയ കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനർ ജോർജുകുട്ടി ജേക്കബ് കുരുവിനാക്കുന്നേൽ, വൈസ് ചെയമാൻ ജിമ്മിച്ചൻ മണ്ഡപത്തിൽ, ജോയിന്റ് കൺവീനറായ ജസ്റ്റിൻ മണ്ഡപത്തിൽ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.