റോഡിലെ കുഴി മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർഥികൾ
1577464
Sunday, July 20, 2025 9:31 PM IST
കാഞ്ഞിരപ്പള്ളി: റോഡിലെ കുഴി ദുരിതമായി മാറിയിട്ടും നടപടി ഉണ്ടാകാതായതോടെ മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർഥികൾ. പാറത്തോട്-പിണ്ണാക്കനാട് റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ പഴുവത്തടം എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി.
വിദ്യാർഥികളടക്കമുള്ള യാത്രക്കാർ നടന്നുപോകുമ്പോൾ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ദേഹത്ത് തെറിക്കുന്നത് പതിവാണ്. കൂടാതെ ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇതോടെയാണ് കുഴി അടയ്ക്കാൻ വിദ്യാർഥികൾതന്നെ നേരിട്ടിറങ്ങിയത്.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ മൂന്നംഗ സംഘം തൂമ്പയും കൈക്കോട്ടുമൊക്കെയായി തിരികെയെത്തി മണ്ണിട്ട് കുഴിയടയ്ക്കുകയായിരുന്നു. ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ സൗരവ് വി. സുരേഷ്, ആസ്റ്റിൻ ജോൺസൺ, എബിൻ സിബി എന്നിവർ ചേർന്നാണ് കുഴിയടച്ചത്.