വിവാദമായ മുണ്ടക്കയം പ്രസംഗം
1577771
Monday, July 21, 2025 11:22 PM IST
കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്.
അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു. ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി. ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്. വി.എസ് പി.സി. ജോര്‍ജിനെ വിളിച്ച് എവിടെയാടോ പ്രസംഗിക്കേണ്ടത്, എന്താണ് പ്രസംഗിക്കേണ്ടതെന്ന് ചോദിച്ചു. അപ്പോള്‍ ഇഷ്ടമുള്ളത് പ്രസംഗിച്ചോ, വരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ജോര്‍ജ് പറഞ്ഞു.
മുണ്ടക്കയത്ത് പ്രസംഗിക്കാനെത്തിയ വി.എസ് പ്രസംഗത്തിനൊടുവില്‍ പി.സിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചു. പി.സി. ജോര്‍ജാണോ പി.സി. ജോസഫാണോ എന്നു പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നീട്ടിയും കുറുക്കിയും തനതു ശൈലിയില്‍ അതു നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. വി.എസിന്റെ അന്നത്തെ പ്രസംഗം വലിയ വിവാദമായി മാറി.
കാലം അടയാളപ്പെടുത്തിയ
കോട്ടയം സമ്മേളനം
കോട്ടയം: സിപിഎം വിഭാഗീയത അഥവാ പിണറായി-വിഎസ് ചേരിപ്പോര് അതിന്റെ മൂര്ധന്യതയില് നില്ക്കുന്ന കാലത്തായിരുന്നു 2008 ഫെബ്രവരി 14നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്.
വി.എസ് ഗ്രൂപ്പിനെ ഏറെക്കുറെ പൂര്‍ണമായി വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടി ആധിപത്യം പിടിച്ച സമ്മേളനത്തിന്റെ സമാപനദിവസം നാഗമ്പടത്തുണ്ടായ സംഭവവികാസങ്ങള്‍ കാലം മറന്നിട്ടില്ല. സമ്മേളനവേദിയിലേക്ക് വി.എസ് വൈകിയെത്തിയപ്പോള്‍ അണികളുടെ ആവേശം അതിരുവിട്ടു.
വി.എസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു: ‘’ഇത് സിപിഎം സമ്മേളനമാണ്, ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്ന പറഞ്ഞാണ് പിണറായി അണികളെ ശാസിച്ചത്. പിണറായിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു.
അതോടെ ‘’ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളണ്ടിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വോളണ്ടിയര്‍മാര്‍ കാണിക്കണം’’ എന്ന് പിണറായി നിര്‍ദേശിച്ചു. അതോടെ റെഡ് വോളണ്ടിയര്‍മാര്‍ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു. വി.എസ് ആരാധകരായ പ്രവര്‍ത്തകരും റെഡ് വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സ്വാഗതവും അധ്യക്ഷപ്രസംഗവും ഉദ്ഘാടനപ്രസംഗവും പേരിനുമാത്രം നടന്നു. ബാക്കി പ്രസംഗകര്‍ക്കു സംസാരിക്കാന്‍ അവസരമുണ്ടായില്ല. നന്ദിപ്രകാശനം പോലും ഇല്ലാതെയാണ് സമ്മേളനം അവസാനിച്ചത്.