ആളുമാറി യുവാവിനെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
1577967
Tuesday, July 22, 2025 4:36 AM IST
തൃക്കൊടിത്താനം: യുവാവിനെ ആളുമാറി വെട്ടിയ കേസിൽ ഗുണ്ടകൾ അറസ്റ്റിൽ. കൊലപാതകക്കേസുകൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തൃക്കൊടിത്താനം കൊച്ചുപറമ്പിൽ പ്രമോദ് പ്രസന്നൻ, കൂട്ടാളി പ്രൈസ്മോൻ എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് ഗുണ്ടകൾ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ആൾ എന്നു കരുതി 17ന് രാത്രി 7.30ന് പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്തുനിന്നും ഓമണ്ണിൽ ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുപോയ ഒളപ്പമണ്ണിൽ സാബുവിനെയാണ് നീളമുള്ള കത്തി ഉപയോഗിച്ച് പ്രതികൾ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ബഹളത്തെത്തുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികൾ ജില്ല വിട്ടുപോവുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുൺ, സബ് ഇൻസ്പെക്ർമാരായ ജിജി ലൂക്കോസ്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, ബിജു, സജീവ് എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘം പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
കൃത്യത്തിനുശേഷം ട്രെയിൻ മാർഗം ഒളിവിൽപ്പോയ പ്രമോദ് പ്രസന്നനെയും പ്രൈസിനെയും ഷൊർണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരായ ഒ.പി. ബാബു, അബ്ദുൽ സത്താർ, ബിബിൻ മാത്യു എന്നിവരുടെ സഹായത്തോടെ ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വച്ചു തടഞ്ഞുവച്ചു. തുടർന്ന് തൃക്കൊടിത്താനം പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിലായിയിരുന്നു ആ ക്രമണമെന്നും പോലീസ് പറഞ്ഞു. ഈ സ്ത്രീയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എസ്എച്ച്ഒ എം.ജെ. അരുൺ പറഞ്ഞു.