കോൺക്രീറ്റ് റോഡിന് ഓടയില്ല, ഗ്രന്ഥശാലയും വീടുകളും വെള്ളക്കെട്ടിൽ
1577959
Tuesday, July 22, 2025 4:35 AM IST
ടിവിപുരം: തീരദേശത്തിലൂടെ കോടികൾ ചെലവഴിച്ച് നിർമിച്ച കോൺക്രീറ്റ് റോഡിനൊപ്പം ഓട നിർമിക്കാതിരുന്നതിനെത്തുടർന്ന് ഗ്രന്ഥശാലാ പരിസരവും വീടുകളും വെള്ളക്കെട്ടിലമരുന്നു. ടിവിപുരം മൂത്തേടത്തുകാവ് കോട്ടച്ചിറയിലെ പണ്ഡിറ്റ് കെ.പി. കറുപ്പൻ മെമ്മോറിയൽ ഗ്രന്ഥശാലാ പരിസരവും സമീപത്തെ വീടുകളുമാണ് ആഴ്ചകളായി വെള്ളക്കെട്ട് ദുരിതത്തിലായത്.
റോഡിനു സമീപം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് ഒഴുകുന്ന തോടുണ്ടെങ്കിലും റോഡിലെ വെള്ളം കായലിലേക്കോ തോട്ടിലേക്കോ ഒഴുക്കാൻ ഓടയില്ല. കോൺക്രീറ്റ് റോഡ് തീർത്തതോടെ സമീപവീടുകളിലെ പുരയിടങ്ങളും റോഡിനൊപ്പം ഉയർന്നതോടെ പെയ്ത്തുവെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മാലിന്യങ്ങൾ കലർന്നതോടെ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
റോഡിലെ വെള്ളത്തിൽ പതിവായി നീന്തിപ്പോകുന്നതിനാൽ വയോജനങ്ങൾക്കും വിദ്യാർഥികൾക്കും കാലിൽ ചൊറിച്ചിലനുഭവപ്പെടുന്നുണ്ട്. ഗ്രന്ഥശാലയിലും അനുബന്ധിച്ചുള്ള വായനശാലയിലും നിരവധി വയോജനങ്ങൾ എത്തുന്നുണ്ട്. വെള്ളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന വയോജനങ്ങൾ വീണു പരിക്കേൽക്കുമെന്ന സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
മൂത്തേടത്തുകാവിൽ തുടങ്ങി പഴുതുവള്ളിവരെയുള്ള മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡിന്റെ ഓടയില്ലാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിലെ വെള്ളമൊഴുകാൻ ഓട നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.