കരിക്കിടാൻ കയറിയയാൾ തെങ്ങിനു മുകളിൽവച്ച് മരിച്ചു
1577957
Tuesday, July 22, 2025 4:35 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വടയാറിൽ കരിക്കിടാൻ തെങ്ങിൽ കയറിയ ഉദയനാപുരം സ്വദേശി തെങ്ങിന് മുകളിൽവച്ച് ബോധരഹിതനായതിനെത്തുടർന്ന് മരിച്ചു.
കർക്കടക വാവിന് വില്പന നടത്താനായി കരിക്കിടാൻ കയറിയ ഉദയനാപുരം ഇരുമ്പൂഴിക്കര കൊച്ചുമൂലാംതോട്ടിൽ ഷിബു (51)വാണ് മരിച്ചത്. തലയോലപ്പറമ്പ് വടയാർ തേവലക്കാട്ടിൽ ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. ഇരുവേലിക്കാട് ബലരാമന്റെ ഉടമസ്ഥതയിലുള്ള തെക്കേപുതുശേരിൽ പാടശേഖരത്തിന്റെ ബണ്ടിൽ നിൽക്കുന്ന തെങ്ങിൽനിന്നു കരിക്കിടാനായി കയറിയതായിരുന്നു ഇയാൾ. മൂന്നു തെങ്ങിൽനിന്നു കരിക്ക് ഇട്ടശേഷമാണ് ഇയാൾ നാലാമത്തെ തെങ്ങിന്റെ മുകളിൽ കയറിയപ്പോഴാണ് ബോധരഹിതനായത്.
സമയം കഴിഞ്ഞിട്ടും ഇയാൾ താഴെ ഇറങ്ങി വരാത്തതിനെത്തുടർന്ന് ബലരാമനും നാട്ടുകാരും ചേർന്ന് നോക്കിയപ്പോഴാണ് തെങ്ങിന് മുകളിൽ ഷിബു കുഴഞ്ഞ് വീണ് കിടക്കുന്നതു കണ്ടത്.
വൈക്കം ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി വല ഉപയോഗിച്ച് മൃതദേഹം താഴെ ഇറക്കുകയായിരുന്നു.
തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഷിബുവിന്റെ ഭാര്യ: സജിത. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി.