കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂളിന്റെ പഴയ കെട്ടിടം നിലംപൊത്താറായ നിലയിൽ
1577975
Tuesday, July 22, 2025 4:36 AM IST
ആർപ്പൂക്കര: വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനു ഭീഷണിയായി കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പഴയ കെട്ടിടം ഏതു സമയത്തും നിലംപൊത്താമെന്ന നിലയിൽ. 70ൽ അധികം വർഷം പഴക്കമുള്ള കെട്ടിടമാണിത്.
കെട്ടിടം ശോച്യാവസ്ഥയിലായതിനെത്തുടർന്ന് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചും മേൽക്കൂര ഓടുകൾ തകർന്ന് മഴവെള്ളം ഉള്ളിലേക്കു വീഴുന്ന നിലയിലുമാണ്. ഏതുസമയത്തും നിലംപൊത്താവുന്ന ഈ കെട്ടിടത്തിന്റെ അടുത്തുകൂടിയാണ് വിദ്യാർഥികളും അധ്യാപകരും ക്ലാസ് മുറികളിലേക്കു പോകുന്നത്. ഇതിന്റെ തൊട്ടടുത്ത് ഓടിക്കളിക്കുന്ന കുട്ടികൾ അധ്യാപകരുടെ കണ്ണുവെട്ടിച്ച് പൊളിഞ്ഞ ജനൽവഴി കെട്ടിടത്തിന്റെ ഉള്ളിൽ പ്രവേശിക്കാറുമുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് വഴിവച്ചേക്കാം.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 70ഓളം കുട്ടികളും അധ്യാപകരും അനധ്യാപകരുമായി 17 ജീവനക്കാരുമുണ്ട്. ഈ കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയായില്ല. 2022 മുതൽ പഴയ കെട്ടിടത്തിൽ ക്ലാസ് നടക്കുന്നില്ല. 24ൽ ആർപ്പൂക്കര പഞ്ചായത്ത് എൻജിനിയർ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്നു റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
സ്കൂൾ കെട്ടിടത്തിന് പുറകുവശത്ത് കാടുകയറി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഇക്കാര്യം ആർപ്പൂക്കര പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും പരിസരം വൃത്തിയാക്കാൻ നടപടിയില്ല.
അതേസമയം, കാർത്തികപ്പള്ളിയിൽ കഴിഞ്ഞദിവസം സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായ സാഹചര്യത്തിൽ പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്നലെ ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചെന്ന് പ്രധാനാധ്യാപകൻ ദീപു ജി. പറഞ്ഞു.
സ്കൂളിന് ഭീഷണിയായി കൂറ്റൻ തേക്ക് മരം
ആർപ്പുക്കര: കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂളിന് ഭീഷണിയായി കൂറ്റൻ തേക്കുമരവും. സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കൂറ്റൻ തേക്കുമരം നിൽക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും തേക്കുമരം ആടിയുലയുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും സമീപത്തെ വീട്ടുകാർക്കും ഭീഷണിയായിരിക്കുയാണ്. തേക്കിന്റെ അടിഭാഗത്ത് വേര് ഇളകുന്ന തരത്തിൽ വലിയ പൊത്ത് രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ പാമ്പ് കയറി ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സമീപവാസി പറഞ്ഞു.
തേക്ക് വെട്ടിമാറ്റുന്നതിന് സ്കൂൾ അധികൃതർ പലതവണ ജില്ലാ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുൻവർഷം തേക്ക് ലേലം ചെയ്യുന്നതിന് വിലയിട്ടിരുന്നു. രണ്ടരലക്ഷം രൂപയാണ് വില നിശ്ചയിച്ചത്.
എന്നാൽ ലേലം വിളിക്കാൻ കച്ചവടക്കാരെത്തിയില്ല. തുടർന്ന് കഴിഞ്ഞവർഷം ഒരു ലക്ഷത്തിരണ്ടായിരം രൂപ വില നിശ്ചയിക്കുകയും ഒരു കച്ചവടക്കാരൻ മരം ലേലത്തിൽ പിടിക്കുകയും ചെയ്തിരുന്നു. മറ്റൊരു കച്ചവടക്കാരൻ ഇതിനെതിരേ പരാതി നൽകിയതോടെ മരം മുറി നടന്നില്ല. ഇന്നലെ തേക്കിന്റെ കമ്പ് ഇറക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതായാണ് വിവരം.