തലയോലപ്പറമ്പുകാരുടെ സിഐഡി ഭായ് ഇനി ഓർമച്ചിത്രം
1577958
Tuesday, July 22, 2025 4:35 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പുകാരുടെ പ്രിയങ്കരനായ സിഐഡി ബാല്‍കിഷന്‍ സിംഗെന്ന ഭായി ഇനി ഓര്‍മച്ചിത്രം. പതിറ്റാണ്ടുകളായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയങ്കരനായിരുന്ന സുമുഖനായിരുന്ന ഈ പഞ്ചാബി നാലുപതിറ്റാണ്ടായി തലയോലപ്പറമ്പിന്റെ രാപകലുകളിലെ സജീവ സാന്നിധ്യമായിരുന്നു. തികച്ചും മാന്യമായി പെരുമാറിയിരുന്ന ഭായിക്ക് നിരവധി കുടുംബങ്ങള്‍ സന്തോഷത്തോടെ ഭക്ഷണം നല്‍കിയിരുന്നു.
തലയോലപ്പറമ്പ് കാര്ലൈന് സ്റ്റുഡിയോ ഉടമ സന്തോഷിന്റെ ഫോട്ടോ ശേഖരത്തില്‍ ഭായിയുടെ മിഴിവുള്ള ചിത്രങ്ങളുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ എത്തിയ സിഐഡിയാണെന്നു ധരിച്ച് ഭയപ്പാടോടെയാണ് ഒരു കാലത്ത് നാട്ടുകാര്‍ നോക്കിക്കണ്ടിരിരുന്നത്. തോര്‍ത്ത് തലയില്‍ കെട്ടി നീട്ടിവളര്‍ത്തിയ താടിയുമായാണ് ഭായി നടന്നിരുന്നത്. ചില സ്ഥാപനങ്ങളുടെ പരസ്യത്തിലെ മോഡലായിവരെ ഭായി മാറിയിരുന്നു.
2021-ല്‍ പനിബാധിച്ചു ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭായി കൊച്ചി വില്ലിംഗ്ടൺ ഐലന്‍ഡില്‍ അലഞ്ഞുതിരിയുന്നുവെന്നറിഞ്ഞ് തലയോലപ്പറമ്പ് സ്വദേശി ഫിറോഷ് മാവുങ്കനും കാര്ലൈന് സ്റ്റുഡിയോ ഉടമ ചാര്ളിയുമടക്കമുള്ളവര് കൊച്ചിയിലെത്തി ഭായിയെ കണ്ടെത്തി വല്ലകം ജീവനിലയത്തിലെത്തിച്ചു.
ഞായറാഴ്ച രാവിലെ 10നാണ് മരണപ്പെട്ടത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നാളെ രാവിലെ 10ന് തലയോലപ്പറമ്പ് ജംഗ്ഷനില്‍ പൊതുദര്‍ശനത്തിനുശേഷം 11ന് വൈക്കം നഗരസഭാ ശ്മശാനത്തില്‍ സംസ്കരിക്കും.