ബിസിഎം കോളജ് സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശക്തീകരണത്തിന്റെയും ഉദാത്ത മാതൃക: മന്ത്രി വാസവന്
1577974
Tuesday, July 22, 2025 4:36 AM IST
കോട്ടയം: കോട്ടയത്തിന്റെ അഭിമാനമായ ബിസിഎം കോളജ് സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശക്തീകരണത്തിന്റെയും ഉദാത്ത മാതൃകയാണെന്ന് മന്ത്രി വി.എന്‍. വാസവന്. കോളജിന്റെ സപ്തതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വാസവന്.
സ്ത്രീകള്‍ വിദ്യാസമ്പന്നരാകുന്നതുവഴി രാജ്യ പുരോഗതി തന്നെയാണ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
സപ്തതി വര്‍ഷത്തില്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ടിനു നല്കി നിര്‍വഹിച്ചു. കൊമേഴ്സ്, മാത്തമാറ്റിക്സ് റിസര്‍ച്ച് സെന്ററുകളുടെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടും സെന്റര്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് അപ്കില്ലിംഗ് ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും നിര്‍വഹിച്ചു.
ബിസിഎം ലീഡ് ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സെന്റര്‍ ഫോര്‍ റോബോട്ടിക് ആന്‍ഡ് എഐയുടെ ഉദ്ഘാടനം തോമസ് ചാഴികാടനും സെന്റര്‍ ഫോര്‍ ഫോറിന് ലാംഗ്വേജസ് ഉദ്ഘാടനം ഡോ. ജോസ് ജയിംസും സെന്റര്‍ ഫോര്‍ പേഴ്സണല്‍ ഡെവലപ്മെന്റ് ആന്‍ഡ് പ്ലേസ്മെന്റ് ഉദ്ഘാടനം ഫാ. ഏബ്രഹാം പറമ്പേട്ടും ബിസിഎം ഏവിയേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറയും നിര്‍വഹിച്ചു.
സെന്റർ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ ഉദ്ഘാടനം സിസ്റ്റര്‍ കരുണയും സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍കുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിന്റെ ഉദ്ഘാടനം ഡോ. പ്രിയ തോമസും സപ്തതി സ്മാരക സ്കോളര്‍ഷിപ്പ് - ബിസിഎം കെയര്‍ ഉദ്ഘാടനം കോളജ് വിദ്യാഭ്യാസ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്രയും നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ് കൃതജ്ഞതയും പറഞ്ഞു.