പാലാ ജനറൽ ആശുപത്രിയിൽ 12 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി
1577752
Monday, July 21, 2025 10:03 PM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിൽ ആര്‍ജിസിബിയുടെ പദ്ധതിയില്‍ റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സിടി സ്കാനര്‍ കം സിമുലേറ്റര്‍, അള്‍ട്രാസൗണ്ട് സ്കാനര്‍ ഉള്‍പ്പെടെ 12 കോടി രൂപയുടെ അത്യാധുനിക ഉപകരങ്ങള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഭരണാനുമതി ലഭ്യമായതായി ജോസ് കെ. മാണി എംപി. ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജുമായും ആര്‍ജിസിബി ഡയറക്ടറുമായും നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ജോസ് കെ. മാണി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പാലാ ജനറല്‍ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന സ്പെഷാലിറ്റി ലാബോറട്ടറിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് നൂതന സാങ്കേതിക വിദ്യയോടു കൂടിയുള്ള ഡയഗ്നോസ്റ്റിക്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളില്‍ ആദ്യമായാണ് സിടി സ്കാനര്‍ കം സിമുലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം പാലായില്‍ ഒരുങ്ങുന്നത്.
രോഗനിര്‍ണയത്തില്‍ ഏറെ പ്രധാനപ്പെട്ട ഡയഗ്നോസ്റ്റിക് പരിധോനകള്‍ ഏറ്റവും ആധുനിക നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നിലവില്‍ നല്‍കിവരുന്നുണ്ട്. കാന്‍സര്‍ മാര്‍ക്കറുകള്‍, മോളിക്യൂലാര്‍ വൈറോളജി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടി സ്പെഷാലിറ്റി പരിശോധനകളാണ് ചെയ്യുന്നത്. വിദഗ്ധ പഠനങ്ങള്‍ അനുസരിച്ച് ഓരോ വര്‍ഷവും കേരളത്തില്‍ 60,000 പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രോഗനിര്‍ണയം ആദ്യഘട്ടത്തില്‍ നടത്തിയാല്‍ വിവിധയിനം കാന്‍സറുകള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. പാലായില്‍ ഡയഗ്നോസ്റ്റിക്സ് സൗകര്യം ലഭ്യമാകുന്നതോടെ കോട്ടയം ജില്ല ഉള്‍പ്പെടെയുള്ള മലയോരപ്രദേശങ്ങളിലെ കാന്‍സര്‍ രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും വളരെ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാകും.