വി.എസ് അവകാശബോധം ഉറപ്പിച്ച ജനനായകൻ: ഡോ. എൻ. ജയരാജ്
1577766
Monday, July 21, 2025 11:22 PM IST
പൊൻകുന്നം: മണ്ണിലധ്വാനിക്കുന്ന ജനതയുടെ അവകാശബോധം ഉറപ്പിച്ച ഉജ്വല ജനനായകനെയാണ് വി.എസിന്റെ അന്ത്യത്തോടെ കേരളത്തിന് നഷ്ടമായതെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.
സമൂഹത്തിന്റെ വളർച്ചയ്ക്കുവേണ്ടി എപ്പോഴും പ്രവർത്തിച്ച, കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തിയാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ സ്നേഹസ്മരണയ്ക്ക് മുമ്പിൽ ഏറെ ആദരവോടെ പ്രണാമം അർപ്പിക്കുന്നതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വി.എസിന്റെ ജ്വലിക്കുന്ന
ഓർമയിൽ കോരുത്തോട്
കോരുത്തോട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾ പങ്കിടുകയാണ് കോരുത്തോട് നിവാസികൾ.
2005ലാണ് മുണ്ടക്കയം പഞ്ചായത്തിൽനിന്നും വേർപെട്ട് കോരുത്തോട് പഞ്ചായത്ത് നിലവിൽ വരുന്നത്. അന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ച കോരുത്തോട് പഞ്ചായത്ത് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായിട്ട് അന്നെത്തിയത് വി.എസ്. അച്യുതാനന്ദനായിരുന്നു. 2005 ഡിസംബർ ആറിനാണ് പഞ്ചായത്തിന്റെ ഉദ്ഘാടനത്തിനായി വി.എസ്. അച്യുതാനന്ദൻ കോരുത്തോട്ടിൽ എത്തിയത്. നീട്ടിയും കുറുക്കിയും അണികളെ ആവേശത്തിലാക്കുന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഇപ്പോഴും കോരുത്തോട് നിവാസികളുടെ മനസിലുണ്ട്.
തന്റെ തീപ്പൊരി പ്രസംഗത്തിലൂടെ കേരളക്കരയെ ഒന്നാകെ കൈയിലെടുത്തിരുന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം കേൾക്കാൻ അന്ന് കോരുത്തോട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. തങ്ങളുടെ ആരാധ്യ നേതാവ് വിടപറഞ്ഞതിന്റെ വേദനയിലാണ് കോരുത്തോട് ഗ്രാമം.