മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് മരണപ്പെട്ട ബിന്ദുവിന്റെ മകൾ ഡിസ്ചാർജായി
1577971
Tuesday, July 22, 2025 4:36 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകൾ നവമി ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ ഡിസ്ചാർജായി. സഹോദരൻ നവനീത്, ബിന്ദുവിന്റെ സഹോദരി രേണുക, ബന്ധു എന്നിവരോടൊപ്പമാണ് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽനിന്ന് നവമി മടങ്ങിയത്.
രേണുകയുടെ മകൾ ദിവ്യയുടെ എറണാകുളത്തെ വീട്ടിലാണ് നവമിയെ വിശ്രമത്തിനായി കൊണ്ടുപോയത്. ആംബുലൻസിലായിരുന്നു യാത്ര. ഇനി ഒരു മാസം കഴിഞ്ഞ് വീണ്ടും തുടർപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തണമെന്ന നിർദേശം ഡോക്ടർമാർ നൽകിയിട്ടുണ്ട്.
ശരീരത്തിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ ജൂലൈ ഒന്നിനാണ് പിതാവ് വിശ്രുതൻ, അമ്മ ബിന്ദു എന്നിവർ നവമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്.
എന്നാൽ, ജൂലൈ മൂന്നിന് ആശുപത്രിക്കെട്ടിടം തകർന്ന് അമ്മ ബിന്ദു മരണപ്പെട്ടതോടെ ചികിത്സ നിർത്തിവച്ച് നവമി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സംസ്കാര ചടങ്ങുകൾക്കു ശേഷം ജൂലൈ ഏഴിന് വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി, ഒമ്പതിന് ശസ്ത്രക്രിയ നടത്തി.
ഒമ്പത് മണിക്കൂർ നീണ്ടുനിന്ന നവമിയുടെ ശസ്ത്രക്രിയ ന്യൂറോസർജറി വിഭാഗവും അനസ്തേഷ്യവിഭാഗവും ചേർന്നാണ് നടത്തിയത്.
ഡിസ്ചാർജ് ചെയ്യുന്ന സമയം മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ന്യൂറോ സർജറി മേധാവി സതീഷ് ചന്ദ്രൻ തുടങ്ങിയവരും എത്തിയിരുന്നു.