കുറുപ്പന്തറ മേല്‍പ്പാലത്തിന് അംഗീകാരം കിട്ടിയിട്ട് 10 വര്‍ഷം
1577960
Tuesday, July 22, 2025 4:35 AM IST
കുറുപ്പന്തറ: 2015-ലാണ് മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേ അംഗീകാരം നല്‍കിയത്. 2018-ലെ സംസ്ഥാന ബജറ്റിൽ പാലം നിര്‍മാണത്തിനുള്ള 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) സമര്‍പ്പിക്കുകയും റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തിരുന്നു.
പൊന്നുംവില നടപടി അനുസരിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു സ്ഥല വിലയും കെട്ടിട വിലയും നിര്‍ണയം നടത്തി. ഇതിനിടെ രണ്ടുപേര്‍ കോടതിയില്‍ കേസ് നല്‍കിയതോടെയാണ് മേല്‍പ്പാലം നിര്‍മാണത്തിന്റെ തുടര്‍നടപടികള്‍ നിലച്ചത്. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലങ്ങളുടെ കൂട്ടത്തില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു.
പാലത്തിന്റെ രൂപരേഖ
കുറവിലങ്ങാട്-കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ ഗേറ്റിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ കുറുപ്പന്തറ ജംഗ്ഷനില്‍നിന്നു വരുന്ന ഭാഗത്ത് ഗേറ്റിന് മുമ്പായി 141.08 മീറ്ററും മണ്ണാറപ്പാറയില്നിന്നുള്ള ഭാഗത്ത് ഗേറ്റിന് മുമ്പായി 218.75 മീറ്ററും റെയില്‍വേ ലൈന്‍ വരുന്ന ഭാഗത്ത് 33.93 മീറ്ററും ഉള്‍പ്പെടെ 393.76 മീറ്ററാണ് മേല്‍പ്പാലത്തിന്റെ ആകെയുള്ള നീളം. 10.15 മീറ്റര്‍ വീതി വരുന്ന പാലത്തിന്റെ കാര്യേജ് വേയുടെ വീതി 7.5 മീറ്ററും ഫുട്പാത്തിന്റേത് 1.5 മീറ്ററുമാണ്.
ഗതാഗതക്കുരുക്ക്
റെയില്‍വേ സ്റ്റേഷനു സമീപത്തുതന്നെയാണ് റെയില്‍വേ ഗേറ്റ്. ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിടുന്ന സമയത്തും ഗേറ്റ് അടഞ്ഞുതന്നെ കിടക്കും. ഇരുവശങ്ങളിലും ഈ സമയം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു. ഇതിനു പരിഹാരം വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമാണ്. കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇരട്ടപ്പാത പൂര്‍ത്തിയായതോടെ സ്റ്റേഷനോടു ചേര്‍ന്നുള്ള കുറുപ്പന്തറ റെയില്‍വേ ക്രോസില്‍ നാല് ട്രാക്കുകളുണ്ട്. റെയില്‍വേ ക്രോസ് അടയ്ക്കുന്ന സമയത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. നടപടികള്‍ വേഗത്തിലാക്കാനായി അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.