കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലം: രേഖകൾ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് കൈമാറി
1577956
Tuesday, July 22, 2025 4:35 AM IST
കുറപ്പന്തറ: കുറവിലങ്ങാട്-കല്ലറ റോഡില്‍ നിര്‍മിക്കുന്ന കുറപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി റവന്യു വകുപ്പ് ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും ഭൂമിയുടെ മഹസര്‍ തയാറാക്കിയ രേഖകളും പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് മോന്‍സ് ജോസഫ് എംഎല്‍എ കൈമാറി. പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനു മുന്നോടിയായാണ് സ്ഥലവും രേഖകളും കൈമാറിയത്.
കുറുപ്പന്തറ ഭാഗത്തുനിന്ന് കല്ലറ ഭാഗത്തേക്ക് നേരിട്ട് എല്ലാ സ്ഥലങ്ങളും പരിശോധിച്ച് റവന്യു വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് അധികൃതര്‍ക്ക് കൈമാറിയത്.
2018-ല്‍ കിഫ്ബിയില്‍നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനും മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു.
കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയില്‍ റെയില്‍വേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മേല്‍പ്പാല ആശയം മുന്നോട്ടുവന്നത്.