37-ാമത് അല്‍ഫോന്‍സ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങളാരംഭിച്ചു
1577765
Monday, July 21, 2025 11:22 PM IST
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തിലുള്ള അല്‍ഫോന്‍സ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിനു നടക്കും.
ഭൂമിയിലെ മാലാഖ എന്ന പേരില്‍ അല്‍ഫോന്‍സാമ്മയുടെ സൂക്തങ്ങള്‍ മനഃപാഠമാക്കിയും സുകൃതാഭ്യാസങ്ങള്‍ ചെയ്തും ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാര്‍ തീര്‍ഥാടനത്തിനായി ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി 24ന് അല്‍ഫോന്‍സ സെമിനാറും അല്‍ഫോന്‍സ ക്വിസ്മത്സരം 27 നും ഓണ്‍ലൈനായി നടത്തും. തീര്‍ഥാടനത്തിനു മുന്നോടിയായി വിവിധ മേഖലകളിലും ശാഖകളിലും ദീപശിഖ- ഛായാചിത്ര പ്രയാണങ്ങള്‍, കുട്ടികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ നടക്കും.
പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന തീര്‍ഥാടനം ആത്മീയ അനുഭവമാക്കി മാറ്റാന്‍ വിവിധ പരിപാടികള്‍ അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, അസി. ഡയറക്ടര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഫാ. ആന്റണി കിഴക്കേത്തലയ്ക്കല്‍, തീര്‍ഥാടന കമ്മിറ്റി കണ്‍വീനര്‍ ജോണ്സണ് കാഞ്ഞിരക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ സാലിച്ചന് തുമ്പേക്കളം, അതിരൂപതാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന് ജെഎസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, ആനിമേറ്റര്‍ ബോബി തോമസ്, അതിരൂപത ഓര്‍ഗനൈസർ പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി എബിന് ജോസഫ് എന്നിവര്‍ അറിയിച്ചു.
പുല്ലാനിത്തകിടി പള്ളിയിൽ
പുല്ലാനിത്തകിടി: വിശുദ്ധ റീത്തായുടെ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 27ന് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ഇടവകക്കാർക്ക് മുഴുവനായി ഭരണങ്ങാനം തീർഥാടനം നടത്തും.
28നു രാവിലെ 6.30ന് വിശുദ്ധ കുർബാന, തുടർന്ന് നേർച്ചവിതരണവും അൽഫോൻസാ നാമധാരികളുടെ സംഗമവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസുകുട്ടി ഇടത്തിനകം അറിയിച്ചു.