മാലിന്യത്തിനും കൂറ്റന്‍ മരങ്ങള്‍ക്കും നടുവില്‍ വീർപ്പുമുട്ടി ചങ്ങനാശേരി ഗവ. എച്ച്എസ്എസ്
1577969
Tuesday, July 22, 2025 4:36 AM IST
ചങ്ങനാശേരി: മാലിന്യത്തിനും കൂറ്റന്മരങ്ങള്ക്കും നടുവിലാണ് ചങ്ങനാശേരി ഗവൺമെന്റ് സ്കൂള്‍. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്കൂളിന്റെ വിവിധ കെട്ടിടങ്ങളിലേക്ക് പടുകൂറ്റന്‍ മരങ്ങള്‍ എപ്പോഴും നിലംപൊത്താവുന്ന നിലയില്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുകയാണ്. സ്കൂള്‍ പരിസരത്തെ ചില മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിയെങ്കിലും പല മരങ്ങളും അപകടാവസ്ഥ യിൽ നില്‍ക്കുകയാണ്.
യുപി, ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ ശൗചാലയങ്ങളുടെ മുകളിലേക്കും വന്മരങ്ങള് ചാഞ്ഞുനില്ക്കുന്നുണ്ട്. ഈ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്കൂളിന്റെ പിന്നിലെ മതിൽ നിലംപൊത്താറായ നിലയിലാണ്.
സ്കൂളിനു പിന്നിലുള്ള കവാടത്തിനു സമീപമുള്ള മാലിന്യക്കൂമ്പാരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രോഗഭീഷണിക്കു കാരണമാണ്. സ്കൂള്‍ പരിസരങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യവും പതിവാണ്.