നടുറോഡിൽ കിടന്ന് ഗതാഗത തടസമുണ്ടാക്കിയ യുവാവിനെ പിടികൂടി
1570337
Thursday, June 26, 2025 4:32 AM IST
കൂത്താട്ടുകുളം: നടുറോഡിൽ കിടന്ന് ഗതാഗത തടസമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി. ആരക്കുഴ ചേർക്കോട്ട് ടോണി തോമസിനെയാണ് കൂത്താട്ടുകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ 11നാണ് സംഭവം.
കൂത്താട്ടുകുളം ടൗണിൽ എച്ച്പി പന്പിന് സമീപം എംസി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുകയും റോഡിൽ വാഹനത്തിന് മുന്നിൽ കിടന്നശേഷം മൊബൈൽ ഫോണിൽ വീഡിയോ കാണാൻ ആരംഭിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
പോലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന യുവാവിനെ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. പോലീസ് സ്റ്റേഷൻ എത്തിയിട്ടും യുവാവിന്റെ അക്രമസ്വഭാവം തുടരുകയായിരുന്നു. യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പിന്നീട്ട് പോലീസ് ജ്യാമത്തിൽ വിട്ടയച്ചു.