അരയേക്കർ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് റവന്യൂ അധികൃതർ
1593103
Saturday, September 20, 2025 4:25 AM IST
കാക്കനാട്: 20 കോടി രൂപ മതിപ്പുവിലയുള്ള അരയേക്കറോളം സർക്കാർ ഭൂമി അനധികൃതമായി കൈവശംവച്ചിരുന്ന സ്വകാര്യവ്യക്തികളിൽ നിന്ന് തിരികെ പിടിച്ച് റവന്യൂ അധികൃതർ. സീപോർട്ട്-എയർപോർട്ട് റോഡിൽ ടി.വി. സെന്ററിനു സമീപം ഡി.എൽ എഫ് ഫ്ലാറ്റ് സമുച്ചയത്തിനടുത്തുള്ള റവന്യൂ പുറമ്പോക്കാണിത്. കാക്കനാട് വില്ലേജിൽ ബ്ലോക്നമ്പർ 9ൽറീസർവേ നമ്പർ 365/1ൽപെട്ട അരയേക്കർ ഭൂമിയാണ് തിരികെ പിടിച്ചത്.
കാക്കനാട് അത്താണി സ്വദേശിയും പൊതു പ്രവർത്തകനുമായ പ്രമേഷ് വി.ബാബു നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുറച്ചുനാൾമുമ്പ് ഈസ്ഥലം വേലികെട്ടി തിരിക്കുകയും ഇവിടെ ഉണ്ടായിരുന്ന ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്തത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
മെട്രോ റയിൽ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയാണെന്നും സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി മരം മുറിച്ചു നീക്കിയതാണെന്നും ഭൂമി കൈവശപ്പെടുത്തിയവർ പറഞ്ഞതിനെ തുടർന്ന് മെട്രോ റെയിൽ സ്ഥലമെടുപ്പ് വിഭാഗത്തിൽ നടത്തിയ അന്വേഷണത്തിലാണ് യാഥാർഥ്യം വെളിപ്പെട്ടത്. മെട്രോ റയിൽ പദ്ധതിക്കായി ഈഭൂമി ഏറ്റെടുത്തിട്ടിലെന്ന് അറിഞ്ഞതോടെയാണ് റവന്യു വകുപ്പിൽ പരാതി നൽകിയതെന്ന് പ്രമേഷ്. വി ബാബു പറഞ്ഞു.
മെട്രോ റയിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന ജെസിബി ഉപയോഗിച്ചാണ് ഇവിടെ നിന്നു മുറിച്ച മരങ്ങൾ നീക്കംചെയ്തത്. പരാതിയെ തുടർന്ന് കണയന്നൂർ തഹസിൽദാർ ഡി.വിനോദ്, ഡപ്യൂട്ടി തഹസിൽദാർ ബിനോ തോമസ്, കാക്കനാട് വില്ലേജ്ഓഫീസർ എന്നിവർ സ്ഥലത്തെത്തുകയും ജെസിബി പിടിച്ചെടുത്ത് തൃക്കാക്കര സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
കാക്കനാട് വില്ലേജിൽ പലയിടങ്ങളിലും ഏക്കറുകണക്കിനു റവന്യൂ ഭൂമി ഇത്തരത്തിൽ പലരും കൈയേറി അവകാശം സ്ഥാപിച്ചിട്ടുണ്ട്.ഇവയിൽ പലതും ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും കൈയേറ്റക്കാർ ഇതേ ഭൂമിയിൽ തന്നെ കുടിൽ കെട്ടി ഇപ്പോഴും താമസിക്കുന്നുണ്ട്.
കളക്ടറേറ്റിനു വിളിപ്പാടകലെ രണ്ടരയേക്കറിലധികം റവന്യൂഭൂമി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിട്ടും കോടതികളിൽ കേസുകൾ നിലനിൽക്കുന്നതിനാൽ ഇവ പിടിച്ചെടുക്കാൻ റവന്യൂ അധികൃതർക്കു കഴിയുന്നില്ല.