റോഡിൽ വീണ കോൺക്രീറ്റ് മിശ്രിതം നീക്കം ചെയ്തു
1593116
Saturday, September 20, 2025 4:34 AM IST
ഇരുമ്പനം: കോൺക്രീറ്റ് മിക്സർ ലോറിയിൽനിന്നും റോഡിൽ വീണ കോൺക്രീറ്റ് മിശ്രിതം അഗ്നിരക്ഷാ സംഘത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. റിഫൈനറി റോഡിൽ ബെവ്കോയ്ക്ക് സമീപത്തെ റോഡിലാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ കോൺക്രീറ്റ് മിശ്രിതം വീണത്.
പിന്നാലെ ഇതുവഴി പോയ ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് സാരമായി പരിക്കേൽക്കാൻ തുടങ്ങിയതോടെ മുൻകൗൺസിലർ ടി.കെ.സുരേഷ് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിളിച്ചറിയിക്കുകയായിരുന്നു.
തുടർന്ന് ഇവർ സ്ഥലത്തെത്തി അപകട സാധ്യതയായി കിടന്ന കോൺക്രീറ്റ് മിശ്രിതം നീക്കം ചെയ്ത് ഈ ഭാഗത്തെ റോഡ് വാട്ടർ ജെറ്റ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഗതാഗതയോഗ്യമാക്കി.