ലൈറ്റ് ഡിം ചെയ്യാത്തതിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ ബസ് ഡ്രൈവർ മർദിച്ചു
1593108
Saturday, September 20, 2025 4:25 AM IST
കളമശേരി: ബസിന്റെ ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യാത്രക്കാരനെ ബസ് ഡ്രൈവർ മർദിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ ചേർത്തല സ്വദേശി അനുദർശിനെ പോലീസ് അറസ്റ്റ് ചെയ്തു.
കളമശേരി അപ്പോളോ കവലയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന തൃശൂർ സ്വദേശി ജിജോ ജോർജിനാണ് ഇന്നലെ രാത്രി പത്തോടെ ദീർഘദൂര ബസ് ഡ്രൈവറുടെ മർദനമേറ്റത്. പരിക്കേറ്റ ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ബസ് കാത്തുനിൽക്കുകയായിരുന്ന ജിജോ ഈ സമയം ഇതുവഴിയെത്തിയ ബസിന്റെ ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നു ഡ്രൈവറും ജിജോയും തമ്മിൽ തർക്കമുണ്ടാകുകയും ബസിൽ നിന്നും ചാടിയിറങ്ങിയ ഡ്രൈവർ ജിജോയെ മർദിക്കുകയും കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് ബസ് തടഞ്ഞു നിർത്തി നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ബസ് ഡ്രൈവർ അനുദർശിനെ അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.