തപാല്‍ മാര്‍ഗം ലഹരി കടത്ത് : കൊച്ചിയില്‍ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
1593129
Saturday, September 20, 2025 4:48 AM IST
സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊറിയര്‍ വഴി കഞ്ചാവ് കടത്ത്. തപാല്‍ മാര്‍ഗം തായ്ലൻഡില് നിന്നെത്തിച്ച രണ്ടു കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവുമായി ഒരാള്‍ കസ്റ്റംസ് പിടിയിലായി. വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റസ്(23)ആണ് പിടിയിലായത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന.
മൂന്നു ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലൻഡില് നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറുമാണ് ഉണ്ടായിരുന്നത്.
സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് നടത്തിയ വിശദ പരിശോധനയില്‍ പാഴ്സലിനുള്ളില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാഴ്സലില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കോള്‍ എടുത്തത് സക്കറിയ ആയിരുന്നു.
പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും വീട്ടില്‍ എത്തിച്ചു നല്‍കാമെന്നും കസ്റ്റംസ് അറിയിച്ചപ്പോള്‍ തപാല്‍ ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് സക്കറിയ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ കാരിക്കാമുറിയിലെ ഓഫീസിലെത്തിയ സക്കറിയയെ കസ്റ്റംസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിപണിയില്‍ രണ്ടു കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് വാങ്ങാന്‍ സക്കറിയക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്നതടക്കം സംഭവത്തിലെ മറ്റ് ആളുകളുടെ പങ്കും കസ്റ്റംസ് അന്വേഷിച്ച് വരികയാണ്.