സിപിഎം നേതൃത്വത്തിലുള്ളത് ഒളികാമറ വച്ചവര്‍: മുഹമ്മദ് ഷിയാസ്
1593134
Saturday, September 20, 2025 4:53 AM IST
കൊച്ചി: സമൂഹയമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം നേതാവ് കെ.ജെ.ഷൈന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.സിപിഎം ഗൂഢാലോചനയില്‍ പുറത്തുവന്ന ആരോപണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ അധികാരരാഷ്ട്രീയമാണ്.
മുൻ ജില്ലാ സെക്രട്ടറിയുടെ ഓഫീസില്‍ ഒളികാമറ വച്ച് അദ്ദേഹത്തെ കുടുക്കി, കുടുംബജീവിതവും സമൂഹത്തിലെ സല്‍പ്പേരും ഇല്ലാതാക്കിയ നേതാക്കളാണ് ജില്ലയിലെ സിപിഎമ്മിന്റേത്. ഒളികാമറ വിവാദത്തില്‍ നടപടി നേരിട്ടവര്‍ ഇന്നും ഉന്നതസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അധികാരത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന നേതാക്കളാണ് ജില്ലയിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അവരുടെ വനിതാ നേതാക്കള്‍ക്ക് പോലും പൊതു ജീവിതവും രാഷ്ട്രീയ ജീവിതവും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത തരത്തില്‍ സിപിഎം എന്ന പാര്‍ട്ടി മാറിക്കഴിഞ്ഞു.
പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും മേൽ മെക്കിട്ട് കയറാന്‍ വരേണ്ടന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ഷിയാസ് പറഞ്ഞു.
കെ.ജെ.ഷൈനെതിരേ ഉയര്‍ന്ന ആരോപണം ദിവസങ്ങളായി ജില്ലയുടെ വിവിധ മേഖലകളില്‍ പ്രചരിക്കുന്നതാണ്. ഇത് പത്രമാധ്യമത്തില്‍ വാര്‍ത്തയായി വന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. എന്നാല്‍ ആരോപണത്തിന്റെ തുടക്കം എവിടെനിന്നാണെന്ന് സിപിഎം ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ഊതിക്കത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഉത്തരവാദിത്വപ്പെട്ട നേതാക്കളോ ശ്രമിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍, ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ എന്നിവരോട് സമൂഹമാധ്യമങ്ങളില്‍ സംയമനം പാലിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.