ഓൺലൈൻ തട്ടിപ്പ്: ഇതരസംസ്ഥാന തൊഴിലാളിക്കും സുഹൃത്തിനും 96,000 രൂപ നഷ്ടമായി
1593131
Saturday, September 20, 2025 4:48 AM IST
വൈപ്പിൻ: ഓൺലൈൻ തട്ടിപ്പിനിരയായി ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്കും സുഹൃത്തിനും 96,000 രൂപ നഷ്ടമായതായി പരാതി. മുളവുകാട് ബോൾഗാട്ടിയിൽ വാടക താമസിക്കുന്ന ഗുജറാത്ത് ഖാൻപൂർ സ്വദേശി നസറിൻ ബാനു(23)വിനും സുഹൃത്തിനുമാണ് പണം നഷ്ടമായത്. തുടർന്ന് ഇവർ മുളവുകാട് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഒമ്പതിന് വാട്സ്ആപ്പിലൂടെയാണ് തട്ടിപ്പുകാർ നസറിൻ ബാനുവിനെ സമീപിച്ചത്. ഓൺലൈനിൽ നൽകുന്ന ടാസ്കുകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് സംഘം ശിവാനി എന്ന ടെലഗ്രാം ഐഡിയിൽ ടാസ്കുകൾ അയച്ചുകൊടുത്തു.
ഇവ പൂർത്തിയാക്കുന്നതിനിടെ തട്ടിപ്പു സംഘം ബാനുവിന്റെ യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും 46,000 രൂപയും സുഹൃത്തിന്റെ എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും 50,000 രൂപയും കവർന്നെടുക്കുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മുളവുകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.