നെറ്റ് സീറോ കാർബൺ പദ്ധതിരേഖ 22ന് മന്ത്രി പ്രകാശനം ചെയ്യും
1593114
Saturday, September 20, 2025 4:34 AM IST
വൈപ്പിൻ: ഗോശ്രീ മേഖലയിൽ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കേരളം മിഷന്റെ സാങ്കേതിക സഹായത്തോടെ പദ്ധതി വരുന്നു. ജിഡയുടേയും തദേശ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദമായ പദ്ധതിരേഖ 22ന് ബോൾഗാട്ടി പാലസിൽ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.
പദ്ധതിക്ക് മുന്നോടിയായി ഗോശ്രീ പ്രദേശത്തെ എട്ടു പഞ്ചായത്തുകളിലും കാർബൺ എമിഷൻ സർവേ പൂർത്തീകരിച്ചിട്ടുണ്ട്. ജലസ്രോതസുകളുടെ പുനരുദ്ധാരണം, കണ്ടൽക്കാടുകൾ ഉൾപ്പെടുന്ന മേഖലയുടെ ഹരിതവൽക്കരണം, മാലിന്യസംസ്കരണം എന്നിവക്ക് ഊന്നൽ നൽകി പദ്ധതികൾ രൂപീകരിക്കുകയാണ് ആദ്യഘട്ടം. സർക്കാർ-അർധ സർക്കാർ ഓഫീസുകൾക്കായും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ വർഷം സൗരോർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കുക.
കൃഷി-ജലസേചന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ തോടുകൾ, കുളങ്ങൾ, പൊതു കിണറുകൾ എന്നിവയുടെ പുനരുജ്ജീവനം സാധ്യമാക്കും. ഹരിത സമൃദ്ധി വാർഡ്, തരിശു രഹിത ഗ്രാമം എന്നീ പദ്ധതികൾ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു.