സ്കൂട്ടറിലെത്തി വയോധികയുടെ മാല കവർന്നു
1593130
Saturday, September 20, 2025 4:48 AM IST
തൃപ്പൂണിത്തുറ: സ്കൂട്ടറിൽ എത്തിയയാൾ വയോധികയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. എരൂർ വെസ്റ്റ് കേണൽ വിശ്വനാഥൻ റോഡിൽ വടക്കച്ചിറ വീട്ടിൽ മീനാക്ഷി(70)യുടെ മാലയാണ് നഷ്ടപ്പെട്ടത്. പുലർച്ചെ 5.55ഓടെ എരൂർ പിഷാരികോവിൽ റോഡിലായിരുന്നു സംഭവം.
വീട്ടുജോലികൾ ചെയ്യുന്ന ഇവർ പുലർച്ചെ ജോലിനോക്കുന്ന വീട്ടിലേക്ക് നടന്നുപോകുമ്പോൾ മഴക്കോട്ടും ഹെൽമറ്റും ധരിച്ച് സ്കൂട്ടറിലെത്തിയയാൾ അടുത്തെത്തി ക്ഷേത്രത്തിന്റെ പേരു പറഞ്ഞ് ഇത് എവിടെയാണെന്ന് തിരക്കി. സ്ഥലം പറഞ്ഞുകൊടുത്ത ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ സ്കൂട്ടർ സ്റ്റാൻഡിൽവച്ച പ്രതി പിന്നാലെയെത്തി ഇവരുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇയാൾ ഫസീനോ സ്കൂട്ടറിൽ വരുന്നതും മാല പൊട്ടിച്ചെടുത്ത് ഓടുന്നതും സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഹിൽപാലസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുളന്തുരുത്തി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന മാല പൊട്ടിക്കൽ സംഭവത്തിലും ഫസീനോ സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയിട്ടുള്ളതെന്ന് പറയുന്നു.