പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി കദളിക്കാട് സ്കൂളിൽ ബയോ ഫെസ്റ്റ്
1593119
Saturday, September 20, 2025 4:34 AM IST
വാഴക്കുളം: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന സന്ദേശവുമായി കദളിക്കാട് വിമലമാതാ ഹൈസ്കൂൾ വിദ്യാർഥികൾ ബയോഫെസ്റ്റ് നടത്തി. ഒറ്റത്തവണ ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും വരുത്തുന്ന ദുരിതങ്ങള്‍ മനസിലാക്കിയാണു പ്രകൃതിദത്ത ഉല്പന്നങ്ങള് കൊണ്ടു നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനം സ്കൂളില്‍ നടത്തിയത്.
അഞ്ചു മുതല്‍ ഒമ്പതു വരെക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പ്രകൃതിദത്ത വസ്തുക്കളായ ഇല, ചകിരി, കടലാസ്, തുണി തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
ചകിരി ഉപയോഗിച്ച് കുരുവിക്കൂട്, കളിമണ്ണിൽ ആന, വീട്, കാർഡ് ബോർഡ് ഉപയോഗിച്ച് ആഡംബര ടൂറിസ്റ്റ് ബസ്, ലോറി, കടലാസ് പൂക്കൾ, കുട, തവള, രാമച്ചവേരുപയോഗിച്ച് തൊപ്പി എന്നിവയും കുട്ടികൾ നിർമിച്ചു പ്രദർശനത്തിനെത്തിച്ചു.
പുതുതലമുറയില്‍ പ്രകൃതി ദത്ത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പി ക്കുക എന്ന ലക്ഷ്യത്തോടെയാണു ഫെസ്റ്റ് സംഘടിപ്പിച്ചതെന്നു പ്രധാനാധ്യാപിക സിസ്റ്റര്‍ നിർമൽ മരിയ പറഞ്ഞു. അധ്യാപകരായ സിസ്റ്റര്‍ ജോമിയ, സിസ്റ്റർ എബിറ്റ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ഫെസ്റ്റ്.