അരൂർ-കുമ്പളങ്ങി പാലം : നിർമാണത്തിന് തടസമായി ചങ്ങാട സർവീസ്
1593107
Saturday, September 20, 2025 4:25 AM IST
അരൂർ: ചങ്ങാട സർവീസ് മാറ്റാൻ വൈകുന്നതു മൂലം അരൂർ-കുമ്പളങ്ങി പാലം നിർമാണ പ്രവർത്തികൾക്ക് തടസമാകുന്നു. കെൽട്രോൺ-കുമ്പളങ്ങി കടവിലെ ചങ്ങാട സർവീസ് മാറ്റിയാൽ മാത്രമേ നിർമാണ സാമഗ്രികളും, യന്ത്രസാമഗ്രികളും ഇറക്കി പണി വേഗത്തിൽ ആരംഭിക്കാൻ കഴിയു എന്ന് കരാറുകാരൻ നേരത്തെ അറിയിച്ചിരുന്നു.
പണി തുടങ്ങി രണ്ടാഴ്ച പിന്നിടുന്പോൾ കെൽട്രോൺ ഫെറിയിൽ ചങ്ങാടത്തിലെത്തുന്ന വാഹനങ്ങളും യാത്രക്കാരും പാലം പണിനടക്കുന്നതിന് ഇടയിലൂടെയാണ് യാത്ര ചെയ്യുന്നത്. നിർമാണം നടക്കേണ്ട അരൂർ കെൽട്രോൺ -കുമ്പളങ്ങി കടത്തുകടവിൽ ചങ്ങാട സർവീസ് മാറ്റാത്തത് മൂലം നിർമാണ സാമഗ്രികൾ ഇറക്കാനും കഴിയുന്നില്ലെന്ന് കരാറുകാരൻ പറയുന്നു.
കുമ്പളങ്ങി പഞ്ചായത്തിനാണ് പാലം പണിക്കുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ചുമതല. നിലവിൽ കെൽട്രോൺ - കുമ്പളങ്ങി കടവിലുള്ള ചങ്ങാട സർവീസ് അമ്മനേഴം- കുമ്പളങ്ങി ജനതാ കടത്തുകടവിലേക്ക് മാറ്റാനുള്ള നടപടികൾ അനന്തമായി നീളുകയാണ്.
കുമ്പളങ്ങി ജനതാ കടത്തുകടവിൽ ബോട്ട് ജെട്ടി നിർമാണം ഇപ്പോഴും നടക്കുകയാണ്. അരൂർ അമ്മനേഴം ജെട്ടിയിലെ ആഴം കൂട്ടലും, ബോട്ട് ജെട്ടിയിൽ ഇടിക്കാതിരിക്കാനുള്ള തെങ്ങിൻ കുറ്റികൾ നാട്ടലും മറ്റും അരൂർ പഞ്ചായത്ത് ചെയ്യണമെന്നാണ് ഇരു പഞ്ചായത്തുകളുടെയും ധാരണ.
ജെട്ടിയുടെ നിർമാണം ഇഴയുന്ന സാഹചര്യത്തിൽ അരൂർ-കുമ്പളങ്ങി പഞ്ചായത്തുകളുടെ സംയുക്ത യോഗം വീണ്ടും വിളിച്ച് ചേർത്താലെ അടിയന്തിര പരിഹാരം കണ്ടെത്താനാകൂ.