ഗൂഢാലോചന: കെ.എന്‍. ഉണ്ണികൃഷ്ണൻ എംഎൽഎ
1593132
Saturday, September 20, 2025 4:48 AM IST
കൊച്ചി: തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ. പിന്നില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് വി.ഡി. സതീശന് വിശ്വസിക്കുന്നെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടേയെന്നും എംഎല്‍എ പറഞ്ഞു.
തുടക്കത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന് കരുതിയെങ്കിലും പ്രചാരണം ശക്തമായതോടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഫേസ്ബുക്കിലൂടെ വിശദീകരണവും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
തനിക്കെതിരെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ സാധിക്കില്ല. നൂറ് വര്‍ഷത്തിനിടയില്‍ നടക്കാത്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു ആരോപണവും ഉന്നയിക്കാന്‍ കഴിയാത്തവരാണ് വ്യക്തിഹത്യയിലേക്ക് തിരിയുന്നത്.
സിപിഎമ്മിനുള്ളില്‍ ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ല. തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ പാര്‍ട്ടിക്ക് കൃത്യമായ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.