ലത്തീൻ പള്ളി ഊട്ടുതിരുനാളിനു പതിനായിരങ്ങൾ
1566273
Wednesday, June 11, 2025 1:11 AM IST
തൃശൂർ: പതിനായിരങ്ങൾ ഒഴുകിയെത്തി. തിരുഹൃദയ റോമൻ കത്തോലിക്കാ ലത്തീൻ പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി.
തിരുനാൾ ആഘോഷങ്ങ ളുടെ ഭാഗമായി ഇന്നലെ പുലർച്ചെ 5.30 മുതൽ രാത്രി ഒൻപതുവരെ തുടർച്ചയായി ദിവ്യബലി, നൊവേന,ആരാധന എന്നിവ ഉണ്ടായിരുന്നു. രാവിലെ 6.30 നു നടന്ന ദിവ്യബലിക്ക് ഫാ. ബാബു മുട്ടിക്കലും 8.30 നു ഫാ. ജോബി കാക്കശേരിയും മുഖ്യകാർമികരായി.
കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടുനേർച്ചയുടെ ആശീർവാദം നിർവഹിച്ചു.
തുടർന്നുള്ള തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ ഒസിഡി വചനപ്രഘോ ഷണം നടത്തി.
ദിവ്യബലിക്കുശേഷം നടന്ന വിശുദ്ധ അന്തോണീസിന്റെ പ്രതിഷ്ഠാരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
രണ്ടുലക്ഷത്തോളം പേർക്കാണ് ഊട്ടുസദ്യ ഒരുക്കിയിരുന്നത്. രാത്രിവരെ ഊട്ടുസദ്യ കഴിക്കാനെത്തിയവരുടെ തിരക്കുണ്ടായിരുന്നു.
പൊൻനാവ് നേർച്ച, പൂമാലചാർത്തൽ, മെഴുകുതിരിപ്രാർഥന, മുട്ടിലിഴച്ചിൽ എന്നിവയ്ക്കും വിശ്വാസികൾക്ക് അവസരം ഉണ്ടായിരുന്നു.