നക്ഷത്രത്തിളക്കം അനുമോദനസമ്മേളനം
1566285
Wednesday, June 11, 2025 1:11 AM IST
മതിലകം: സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നക്ഷത്രത്തിളക്കം എന്ന പേരിൽ അനുമോദനസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മന്ത്രി കെ. രാജനും പ്രതിപക്ഷനേതാവ് വി. ഡി. സതീശനും ഉദ്ഘാടനംചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അധ്യക്ഷതവഹിച്ചു. 2024-25 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയംനേടിയ വിദ്യാർഥികൾക്കും അനുമോദനമേകി.
സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ് കെ.ജയൻ, കാവ്യാ മാധവൻ, രമേശ് പിഷാരടി എന്നിവർ മുഖ്യാതിഥികളായിരുന്നു. ബെന്നി ബഹനാൻ എംപി, രാജ്യസഭാംഗം ജെബി മേത്തർ, എൻ.എ. അക്ബർ എംഎൽഎ, ഗൾഫാർ മുഹമ്മദാലി, ടി.എസ്. പട്ടാഭിരാമൻ, സീഷോർ മുഹമ്മദ് അലി, എം.എ. മുഹമ്മദ്, ഡോ. മുഹമ്മദ് അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. അയ്യായിരത്തോളംവരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച നിരവധിപേരെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ ഇരുപതുവർഷമായി സാമൂഹിക സന്നദ്ധരംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സിപി ട്രസ്റ്റ് വിദ്യാഭ്യാസരംഗത്ത് കൂടുതൽ ഊന്നൽനൽകുമെന്നും വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസസംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സിപി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അറിയിച്ചു.